ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരാധകരുടെ സ്വന്തം ക്ലബ്ബ് – ട്രാവൻകൂർ റോയൽസ്!!!
ഫുട്ബോളിൽ എന്നും ആരാധകർ ഒരു നിർണായക സാന്നിധ്യം തന്നെയാണ്. അന്താരാഷ്ട്ര തലത്തിലായാലും ക്ലബ്ബ് തലത്തിലായാലും കളിക്കളത്തിനകത്തും പുറത്തുമുള്ള ആരാധകപിന്തുണയാണ് ഫുട്ബോൾ എന്ന കളിയെ മനോഹരമാക്കുന്നത്. ഇതുകൂടാതെ ആരാധകരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി ക്ലബ്ബുകളും നമുക്ക് പരിചിതമാണ്. ലോക പ്രശസ്ത ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ബയേൺ മ്യൂണിക് എന്നിവ ഉദാഹരങ്ങൾ മാത്രമാണ്. ഇന്ത്യയിൽ നിന്നും അത്തരത്തിലുള്ള ആദ്യത്തെ ക്ലബാണ് അനന്തപുരിയുടെ സ്വന്തം ‘ട്രാവൻകൂർ റോയൽസ്’
ഒരുകാലത്ത് കേരളത്തിന്റെ കായികനഗരമായിരുന്നു തിരുവനന്തപുരം, പ്രത്യേകിച്ചു ഫുട്ബോളിൽ. കേരളത്തിലെ പ്രശസ്ത കായികഭരണാധിപനായ സാക്ഷാൽ ജി. വി രാജയുടെ ജന്മസ്ഥലം കൂടിയാണ് ഈ നഗരം. പണ്ട്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒരു ഫുട്ബോൾ മത്സരത്തിൽ പതിവിലും കൂടുതൽ കാണികൾ തിങ്ങിനിറഞ്ഞിരുന്നതിനാൽ താൽകാലികമായി പണിത ഗാലറി ഇടിഞ്ഞുവീണ് ഒരാൾ മരിച്ച സാഹചര്യം വരെയുണ്ടായിട്ടുണ്ട്. പക്ഷെ കാലങ്ങൾ കഴിഞ്ഞു പോകുംതോറും തിരുവിതാംകൂറിന്റെ കായികപാരമ്പര്യം നഷ്ടപ്പെട്ടുകൊണ്ടിരുന്നു. തിങ്ങി നിറഞ്ഞ ഗാലറികളിൽ നിന്നും മത്സരങ്ങൾ പോലും കൃത്യമായി നടക്കാത്ത സ്ഥലമായി അനന്തപുരി മാറി. വളർച്ച മുരടിച്ചു പോയ തിരുവിതാംകൂറിലെ കായിക പാരമ്പര്യം വീണ്ടെടുക്കുകയാണ് ട്രാവൻകൂർ റോയൽസിലൂടെ ഒരു പറ്റം കായികപ്രേമികൾ ലക്ഷ്യമിടുന്നത്. ക്ലബ്ബിന്റെ തുടക്കത്തിനും പേരിനും കാരണം ഇതുതന്നെയാണെന്നാണ് ഉടമകളിൽ ഒരാളായ ശ്രീകാന്ത് പറഞ്ഞു വെയ്ക്കുന്നത്.
ഇന്ത്യയിൽ ഒരു കാലത്ത് പല വമ്പൻ ഫുട്ബോൾ ടീമുകൾക്കും സാമ്പത്തികബാധ്യതകൾ മൂലം മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അന്ന് ഉണ്ടായിരുന്ന പല മുൻനിര ക്ലബ്ബുകളും ഇന്ന് നാമവശേഷമാണ്. ആ ഒരു സ്ഥിതി ഇനി വരാതിരിക്കുക എന്ന ദൃഢനിശ്ചയമാണ് യൂറോപ്പിൽ പണ്ടുമുതൽക്കെ പരീക്ഷിച്ചു വിജയിച്ച, ആരാധകർ ടീമിനെ ഏറ്റെടുക്കുക എന്ന രീതി ഇവിടെ പ്രാവർത്തികമാക്കാൻ പ്രേരണയായത്. Sports Management Research Institute (SMRI) യുടെയും കുറച്ച് ഫുട്ബാൾ ആരാധകരുടെയും നേതൃത്വത്തിൽ 2018 നവംബർ 29 നാണ് ട്രാവൻകൂർ റോയൽസിന്റെ ജനനം. അന്നത്തെ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് ഉൽഘാടനം നിർവഹിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു കോർ-എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്. ഇവിടെയായിരിക്കും ക്ലബ്ബിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ സുപ്രധാന തീരുമാനങ്ങളെടുക്കുക. ശ്രീ. അജയ് അനന്തപദ്മനാഭനാണ് ക്ലബ്ബിന്റെ പ്രസിഡന്റ്. സെക്രട്ടറിയായി ശ്രീ. ജിബു ജിബ്സണും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ശ്രീ. രതീഷ് കുമാറും സേവനമനുഷ്ഠിക്കുന്നു.
തിരുവനന്തപുരം ഡിവിഷൻ കളിക്കുക എന്ന ലക്ഷ്യത്തോടുകൂടി 2019 ജനുവരിയിൽ ആദ്യ ഓപ്പൺ ട്രയൽസ് സംഘടിപ്പിക്കുകയുണ്ടായി. കാര്യവട്ടം LNCP ഗ്രൗണ്ടിൽ വെച്ചു നടന്ന ഓപ്പൺ ട്രയൽസിൽ മികച്ച രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഏകദേശം അഞ്ഞൂറിന് മുകളിൽ കുട്ടികളാണ് ട്രയൽസിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. കേരളത്തിന് പുറമെ ഗോവയിൽ നിന്നുവരെ ട്രയൽസിൽ പങ്കെടുക്കാനായി മാത്രം തിരുവനന്തപുരത്തെത്തിയവരും ഇതിൽ ഉൾപ്പെടുന്നു. 2 ദിവസം നീണ്ടുനിന്ന ട്രയൽസിൽ നിന്നും സീനിയർ, U18, U15 ടീമുകളിലേക്ക് അർഹരായ കുട്ടികളെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം D- ഡിവിഷനിൽ തങ്ങളുടെ ആദ്യ സീസണിൽ തന്നെ ലീഗ് മത്സരങ്ങളിൽ ക്ലീൻ ഷീറ്റോടുകൂടി മുന്നേറിയെങ്കിലും ഫൈനലിൽ റോയൽസിന് കാലിടറി. തുടക്കക്കാരായിരുന്നിട്ടുകൂടി എല്ലാ ടീമുകളെയും വിറപ്പിച്ച് മികച്ചപ്രകടനത്തോടെയാണ് റോയൽസ് സീസൺ അവസാനിപ്പിച്ചത്. ഇതിനിടയിൽ കേരളാ പ്രീമിയർ ലീഗ് കളിക്കാനുള്ള ശ്രമവും ക്ലബ്ബിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതിനായി KPL സംഘാടകരെ സമീപിച്ചിരുന്നെങ്കിലും ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചിരുന്നില്ല. പുതിയ 4 ടീമുകൾ കൂടി KPL കളിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നതിനാൽ ഒരു ക്വാളിഫയർ സംഘടിപ്പിക്കാനും അധികൃതർ തീരുമാനിച്ചു. എന്നാൽ ഈ വെല്ലുവിളിയും റോയൽസ് ഏറ്റെടുത്തു. പക്ഷെ വിധി മറ്റൊന്നായിരുന്നു. എറണാകുളത്തു വെച്ചു നടന്ന ക്വാളിഫയറിൽ കരുത്തരായ MA കോളേജിനെയാണ് റോയൽസിന് എതിരാളികളായി കിട്ടിയിരുന്നത്. ഒരു പ്രൊഫഷണൽ സ്പോർട്സ് കോളേജിൽ നിന്നുമുള്ള താരങ്ങളുടെ കരുത്തിനു മുൻപിൽ തുടക്കക്കാരായ റോയൽസിന്റെ കുട്ടികൾക്ക് അടിപതറി. KPL പോലൊരു ലീഗ് കളിക്കാനുള്ള കൃത്യമായ മുന്നൊരുക്കം നടത്തുന്നതിന് സമയം ഒരു വെല്ലുവിളിയായിരുന്നു. വലിയ രീതിയിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ പറ്റാതിരുന്നതും തോൽവിക്ക് കാരണമായി. ഇതോടുകൂടി ആ വർഷത്തെ KPL പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. KPL ക്വാളിഫയറിലെ തോൽവി ഒരു പാഠമായി ഉൾക്കൊണ്ട റോയൽസ് തുടർച്ചയായ രണ്ടാം തവണയും തിരുവനന്തപുരം ഡിവിഷനിൽ ഫൈനലിൽ എത്തിയെങ്കിലും നിർഭാഗ്യം ഇത്തവണയും വിലങ്ങുതടിയായി. ഇത്തവണയും റോയൽസിന് ഫൈനലിൽ കാലിടറി.
ക്ലബ്ബിന്റെ തുടക്കകാലം മുതലേയുള്ള മറ്റൊരു ആശയമായിരുന്നു ഒരു വുമൺസ് ടീം രൂപീകരിക്കുക എന്നത്. അതിനായി തിരുവനന്തപുരം ALL SAINTS കോളേജിന്റെ പങ്കാളിത്തത്തോടുകൂടി വുമൺസ് ടീമും അക്കാദമിയും രൂപികരിക്കുകയുണ്ടായി. ശ്രീ. ശശി തരൂർ എംപി യാണ് വുമൺസ് അക്കാഡമിയുടെ ഉൽഘാടനം നിർവഹിച്ചത്. ALL SAINTS കോളേജിൽ വെച്ചു ചിട്ടയായ പരിശീലനവും ഹോസ്റ്റൽ സൗകര്യവും നൽകുവാനും സാധിച്ചു. ഗോകുലത്തിനു പുറമെ ഇന്ത്യൻ വുമൺസ് ലീഗ് (IWL) കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ഏക കേരളാ ടീമും ട്രാവൻകൂർ റോയൽസായിരുന്നു. ഡൽഹിയിൽ വെച്ചു 12 ഓളം ടീമുകളടങ്ങുന്ന പ്ലേ ഓഫ് മത്സരങ്ങൾ സംഘടിപ്പിക്കാനായിരുന്നു AIFF പദ്ധതിയിട്ടിരുന്നത്. ഇതിനായി റോയൽസ് ടീം ഡൽഹിയിൽ എത്തിയിരുന്നതുമാണ്. എന്നാൽ അപ്രതീക്ഷിതമായി കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടുകൂടി ആ സീസണിലെ IWL ഉപേക്ഷിക്കുകയായിരുന്നു. റോയൽസ് ദേശീയ തലത്തിൽ ആദ്യമായി കളിക്കാൻ പോകുന്ന ഒരു ടൂർണമെന്റായിരുന്നു IWL. കോവിഡ് പ്രതിസന്ധി മൂലം ടൂർണമെന്റ് നടക്കാതിരുന്നെങ്കിലും എ. ഐ. എഫ്. എഫ് മായി നല്ല ഒരു ബന്ധം കാത്തുസൂക്ഷിക്കാനും റോയൽസിനായി. ഇനി വരാനിരിക്കുന്ന IWL ൽ കളിക്കാനുള്ള ഒരുക്കത്തിലാണ് റോയൽസിപ്പോൾ.
ഇതിനുപുറമെ തിരുവനന്തപുരത്തെ തീരദേശ മേഖലയായ പുല്ലുവിളയ്ക്കടുത്ത് പള്ളം എന്ന പ്രദേശത്ത് റോയൽസിന്റെ അക്കാദമിയും ഈ വർഷം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ നിന്നുള്ള കുരുന്നു പ്രതിഭകൾക്ക് മുൻനിരയിലേക്ക് വരാനുള്ള ഒരു സഹായമായാണ് റോയൽസ് അക്കാദമി പ്രവർത്തിക്കുന്നത്. 5 വയസ്സു മുതൽ 20 വയസ്സുവരെയുള്ള ഏകദേശം 150 ഓളം യുവപ്രതിഭകൾ ഇവിടെ പരിശീലനം നടത്തി വരുന്നു. ഇതിൽ 35 ഓളം പെൺകുട്ടികളും ഉൾപ്പെടുന്നു. അവർക്കാവശ്യമായ ബൂട്ട്, ജേഴ്സി കൂടാതെ പരിശീലന സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഇവരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് D-ലൈസെൻസ് ഉള്ള പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ഇവർക്കായുള്ള മത്സരങ്ങൾ നടത്താൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും വരും നാളുകളിൽ നടത്താനാകുമെന്ന ശുഭപ്രതീക്ഷയിലാണ് ശ്രീകാന്തും സംഘവും.
ഏതൊരു ക്ലബ്ബിനെയും പോലെ തന്നെ താഴെത്തട്ടിലുള്ള ഫുട്ബോൾ വികസനമാണ് റോയൽസിന്റെയും മുഖ്യ അജണ്ട. അതിനായി ‘FIRST WHISTLE’ എന്ന പരിപാടിയും നടത്തിവരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലായി വിവിധ പരിശീനപരിപാടികളും സൗജന്യമായി സംഘടിപ്പിക്കുന്നുണ്ട്. കോച്ച് സുരേഷ് രാജപ്പനും കോച്ച് ഷൈജുവുമാണ് ഇതിനു നേതൃത്വം നൽകുന്നത്. ഇവർക്ക് സഹായികളായി മറ്റ് കോച്ചുമാരുമുണ്ട്. കൂടാതെ, തിരുവന്തപുരത്തെ ഫുട്ബോൾ ടർഫുകളെ കേന്ദ്രീകരിച്ചു പരിശീനക്ലാസ്സുകൾ സംഘടിപ്പിക്കാനും ആലോചനയിലുണ്ട്. ഇതിനായി താല്പര്യമുള്ള ടർഫ് ഉടമകൾക്ക് റോയൽസുമായി നേരിട്ട് ബന്ധപ്പെടാവുന്നതുമാണ്.
ഇന്ത്യയിലെ ഒന്നാം നിര ലീഗിൽ കളിക്കുക എന്നാതാണ് റോയൽസിന്റെ മറ്റൊരു ലക്ഷ്യം. അതിനായുള്ള ആദ്യ പടി KPL ചാമ്പ്യന്മാരായി ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ യോഗ്യത നേടുക എന്നതാണ്. ഒരു ചിട്ടയായ രീതിയിലൂടെ അവിടേക്ക് എത്താൻ ആവുമെന്നാണ് റോയൽസ് പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. തുടക്കകാലം തൊട്ടു തന്നെ റോയൽസിന് പരിപൂർണ പിന്തുണ നൽകുന്നവരാണ് ജേഴ്‌സി നിർമാതാക്കളായ ‘HYVE സ്പോർട്സ്’. ടീമിനവശ്യമായ പരിശീലനസാമഗ്രികൾ നൽകിവരുന്നത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മേയർ’ എന്ന കമ്പനിയാണ്. ഇതുകൂടാതെ FAST&UP, JBT GREEN TECH, FIRST BEAT, ONESTOP എന്നിവരും റോയൽസിന് ഒപ്പമുണ്ട്.
സ്വന്തമായി ഈ-സ്പോർട്സ് ടീമുള്ള ഇന്ത്യയിലെ ഏക ടീമും ട്രാവൻകൂർ റോയൽസാണ്. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പോർച്ചുഗൽ ക്ലബ്ബായ B L BENEFICA യുടെ ഗിന്നസ് റെക്കോർഡ് തകർക്കുക എന്നതും റോയൽസിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ബെനെഫിക്കയ്ക്ക് നിലവിൽ 1,60,398 അംഗങ്ങളുടെ പങ്കാളിത്തമാണുള്ളത്. 2 ലക്ഷം ആരാധകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക വഴി ബെനെഫിക്കയുടെ ഗിന്നസ് റെക്കോർഡ് തകർക്കാനാണ് റോയൽസ് ലക്ഷ്യമിടുന്നത്. ഈ ചരിത്ര ഉദ്യമത്തിൽ നിങ്ങൾക്കും പങ്കാളികളാവാം.
⬇️
https://www.travancoreroyals.in/ownership
Leave a reply