2022 – ലെ അണ്ടർ 23 എഎഫ്സി കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഒരുങ്ങുന്നു

2022 – ലെ അണ്ടർ 23 എഎഫ്സി കപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഒരുങ്ങുന്നു. ടൂർണമെന്റിനുള്ള സാധ്യത സ്ക്വാഡ് ഒക്ടോബർ പതിമൂന്നിന് എഐഎഫ്എഫ് പുറത്ത് വിട്ടിരുന്നു. അലക്സ് സജിയും കെപി രാഹുലുമാണ് സ്ക്വാഡിലെ മലയാളി സാന്നിധ്യങ്ങൾ. 23 ഒക്ടോബർ 2021 മുതൽ 31 ഒക്ടോബർ 2021 വരെയാണ് ക്വാളിഫയേഴ്സ് നടക്കുന്നത്. യുഎഇ-യും ഒമാനും കിർഗിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് ഇ – യിലാണ് ഇന്ത്യ മത്സരിക്കുന്നത്.

47 അംഗ എഎഫ്സി അസോസിയേഷനിൽ നിന്നും 42 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാനിരുന്നത്. 42 ടീമുകളെ നാല് ടീമുകൾ വീതമുള്ള ഒമ്പത് ഗ്രൂപ്പുകളായും മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായുമാണ് തിരിച്ചിരുന്നത്. നറുക്കെടുപ്പിന് വേണ്ടി ടീമുകളെ ഈസ്റ്റ് സോൺ, വെസ്റ്റ് സോൺ എന്നിങ്ങനെ രണ്ട് സോണുകളായും തിരിച്ചിരുന്നു. ആതിഥേയത്വം വഹിക്കാൻ താൽപര്യപ്പെട്ട പതിനൊന്ന് ടീമുകളെ വ്യത്യസ്ഥ ഗ്രൂപ്പുകളിലേക്ക് തിരിച്ചു. നോർത്ത് കൊറിയയും ചൈനയും കോവിഡുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറി. ഇത് കാരണം ഗ്രൂപ്പ് – ജി യിൽ രണ്ട് ടീമുകൾ മാത്രമായി.

പതിനൊന്ന് ഗ്രൂപ്പ് ജേതാക്കളും നാല് മികച്ച റണ്ണേഴ്സ് അപ്പും ഉൾപ്പെടെ പതിനാറ് ടീമുകൾക്കാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ലഭിക്കും. ഗ്രൂപ്പ് – ജി യിലെ രണ്ട് ടീമുകൾ, ഓസ്ട്രേലിയയും ഇന്തോനേഷ്യയും, നേർക്കുനേർ രണ്ട് മത്സരങ്ങൾ കളിക്കുകയും അവരിലെ വിജയി മാത്രം യോഗ്യത നേടുകയും ചെയ്യും. ഫൈനൽ റൗണ്ടിന്റെ ആതിഥേയരായതിനാൽ ഉസ്ബെക്കിസ്ഥാൻ യോഗ്യത നേടി കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ സൗത്ത് കൊറിയ ഗ്രൂപ്പ് – H ലാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് – ഇ യിലെ മത്സരങ്ങൾ ഒക്ടോബർ 25 മുതൽ 31 വരെയാണ്. ഒക്ടോബർ 25 ന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇ ഫുജൈറയിലെ ഫുജൈറ സ്റ്റേഡിയത്തിൽ വെച്ചാണ് ഗ്രൂപ്പ് – ഇ മത്സരങ്ങൾ നടക്കുന്നത്.

2014 -ൽ ആരംഭിച്ച ടൂർണമെന്റിന്റെ നാല് പതിപ്പുകളാണ് ഇത് വരെ കഴിഞ്ഞത്. നിർഭാഗ്യവശാൽ ഇന്ത്യയ്ക്ക് ഇത് വരെ യോഗ്യത റൗണ്ട് മറി കടക്കാൻ കഴിഞ്ഞിട്ടില്ല. ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് ഗോളുകളും ഏഴ് പോയിന്റും നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്നത്. 2020 യോഗ്യത മത്സര റൗണ്ടിൽ ഒരു പോയിന്റ് നേടാനോ 2016, 2020 പതിപ്പുകളിൽ ഒരു ഗോൾ പോലും നേടാനോ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.

ഇത്തവണ നടക്കാൻ പോകുന്ന ക്വാളിഫയേഴ്സ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് 2022 അണ്ടർ 23 എഎഫ്സി കപ്പ് ഫൈനൽ റൗണ്ടിൽ കടന്ന് ചരിത്രം തിരുത്തി കുറിക്കാൻ നീലക്കടുവകൾക്ക് കഴിയട്ടെ!

എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് 2022 ക്വാളിഫയേഴ്സ് സാധ്യത സ്ക്വാഡ് :

▪️ഗോൾകീപ്പർസ് – ധീരജ് സിങ്ങ്, പ്രബ്സുഖൻ ഗിൽ, പ്രതീക് കുമാർ, മുഹമ്മദ് നവാസ്

▪️ ഡിഫന്റർസ് – നരേന്ദർ ഗലോട്ട്, ബികാ ഷ് യുംനം, അലക്സ് സജി, ഹോർമിപാം റുയിവ, ഹാലൻ നോങ്ട്ട്ടു, ആശിശ് റായ്, സുമിത് രതി, ആകാശ് മിശ്ര, സാഹിൽ പൻവാർ

▪️ മിഡ്ഫീൽഡർസ് – എസ്കെ സാഹിൽ, സുരേഷ് വാങ്‌ജം, അമർജിത് സിങ്ങ്, അപുയിയ, ജീക്സൺ സിങ്ങ്, ദീപക് ടാൻഗ്രി, രാഹുൽ കെപി, കോമൾ തട്ടാൽ, നിഖിൽ രാജ്, ബ്രൈസ് മിറാൻഡ, പ്രിൻസ്ടൺ റെബല്ലോ

▪️ ഫോർവാഡ്സ് – റഹീം അലി, രോഹിത് ധാനു, അനികേത് ജാദവ്, വിക്രം പ്രതാപ് സിങ്ങ്

ഫിക്സ്ച്ചേഴ്സ് :

25 ഒക്ടോബർ – ഒമാൻ vs ഇന്ത്യ
28 ഒക്ടോബർ – ഇന്ത്യ vs യുഎഇ
31 ഒക്ടോബർ – ഇന്ത്യ vs കിർഗിസ്ഥാൻ

~ Jumana Haseen K

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply