ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ ഇന്നാരംഭിക്കും. അത്ലറ്റിക്കോ മഡ്രിഡ്-ലിവർപൂൾ മത്സരമാണ് ശ്രദ്ധേയം. റയൽ മഡ്രിഡ്, പി.എസ്.ജി, മാഞ്ചെസ്റ്റർ സിറ്റി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്.
ഗ്രൂപ്പ് എ-യിൽ രാത്രി 10.15-ന് ക്ലബ്ബ് ബ്രഗ്ഗ് മാഞ്ചെസ്റ്റർ സിറ്റിയെയും, രാത്രി 12.30-ന് പി.എസ്.ജി. ലെയ്പ്സിഗിനെയും നേരിടും. രണ്ടു കളികളിലായി പി.എസ്.ജി.ക്കും ക്ലബ്ബ് ബ്രഗ്ഗയ്ക്കും നാലു പോയന്റ് വീതവും സിറ്റിക്ക് മൂന്നു പോയന്റുമാണുള്ളത്. ലെയ്പ്സിഗിന് പോയന്റില്ല. കഴിഞ്ഞമത്സരത്തിൽ പി.എസ്.ജി.യിൽനിന്നേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് സിറ്റി ഇന്ന് ഇറങ്ങുന്നത്.
ഗ്രൂപ്പ് ബി-യിൽ രണ്ടു കളിയും ജയിച്ച് മികച്ചഫോമിലുള്ള ലിവർപൂളും അത്ലറ്റിക്കോ മാഡ്രിഡും നേർക്കുനേർ എത്തും. അത്ലറ്റിക്കോയ്ക്ക് ഒരു ജയവും സമനിലയുമാണുള്ളത്. മറ്റൊരു കളിയിൽ ആദ്യജയം മോഹിക്കുന്ന എ.സി. മിലാൻ പോർട്ടോയെ നേരിടും. രണ്ടു കളിയും രാത്രി 12.30-ന് നടക്കും.
ഗ്രൂപ്പ് സി-യിൽ അയാക്സും ബൊറൂസ്സിയ ഡോർട്മുൺഡും ഏറ്റുമുട്ടും. ഇരുടീമുകളും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചവരാണ്. രാത്രി 12.30-നാണ് മത്സരം. മറ്റൊരു മത്സരത്തിൽ രാത്രി 10.15-ന് ബെസിക്റ്റാസ് സ്പോർട്ടിങ് ലിസ്ബണിനെ നേരിടും.
ഗ്രൂപ്പ് ഡി-യിൽ കഴിഞ്ഞ മത്സരത്തിൽ ഷെരീഫ് ടിറാസ്പോളിൽനിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽനിന്ന് കരകയറാൻ റയൽ മാഡ്രിഡിന് ഇന്ന് ജയം ആവശ്യമാണ്. റയൽ മഡ്രിഡ് ഷാക്തർ ഡൊണെറ്റ്സ്കിനെയാണ് ഇന്ന് നേരിടുന്നത്. മറ്റൊരു മത്സരത്തിൽ രണ്ടു ജയത്തോടെ മിന്നുന്ന ഫോമിലുള്ള ഷെരീഫിന് ഇന്റർമിലാനാണ് എതിരാളി. രാത്രി 12-നാണ് ഇരു മത്സരങ്ങളും.
✍? എസ്.കെ.
Leave a reply