പകരം വീട്ടി സ്പെയിൻ ഫൈനലിലേക്ക് | UEFA നേഷൻസ് ലീഗ് വിശേഷങ്ങൾ.

യുവേഫ നേഷൻസ് ലീഗ് ആദ്യ സെമിയിൽ സ്പെയിനിനു മിന്നും വിജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഇറ്റലിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി ഫൈനലിലേക്ക് എത്തിയത്. ആ പരാജയത്തിനുള്ള മധുര പ്രതികാരമാണ് ഇന്ന് സ്പെയിൻ വീട്ടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. കൂടുതൽ നേരം പന്ത് കൈവശം വച്ചു കളിച്ചത് സ്പെയിൻ ആണെങ്കിലും ഇറ്റലിയും മികച്ച അവസരങ്ങൾ മത്സരത്തിന്റെ തുടക്കം മുതൽ സൃഷ്ടിച്ചു. എന്നാൽ മത്സരത്തിന്റെ 17-ാം മിനുറ്റിൽ ഫെറാൻ ടോറസിലൂടെ സ്പെയിൻ ആദ്യ ഗോൾ കണ്ടെത്തി. തുടർന്ന് 42-ാം മിനുറ്റിൽ ബുസ്കെറ്റ്സിനെ ഫൗൾ ചെയ്തതിന് ബൊനുച്ചി രണ്ടാം മഞ്ഞ കാർഡും, ചുവപ്പ് കാർഡും മേടിച്ച് മടങ്ങിയതോടെ ബാക്കി നേരം മുഴുവൻ ഇറ്റലി പത്തുപേരെ വച്ച് മത്സരം പൂർത്തിയാക്കേണ്ടി വന്നു.

പത്തുപേരായി ചുരുങ്ങിയ ഇറ്റലിക്കെതിരെ മിനുറ്റുകൾക്കകം ഫെറാൻ ടോറസിലൂടെ സ്പെയിൻ വീണ്ടും ഗോൾ നേടി ലീഡ് വർധിപ്പിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ പെല്ലെഗ്രിനിയിലൂടെ ഇറ്റലി ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.

തോൽവി അറിയാതെ കഴിഞ്ഞ 37 മത്സരങ്ങൾ പൂർത്തിയാക്കിയ ഇറ്റലിയുടെ ജൈത്രയാത്രയ്ക്കാണ് ഇന്നത്തെ പരാജയത്തോടെ തിരശീലവീണത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply