വരവറിയിച്ച് യുണൈറ്റഡ്; ചെൽസിക്കും, ലിവർപൂളിനും വിജയം. | EPLൽ ഗോൾ മഴ.

2021-22 പ്രീമിയർ ലീഗിൽ വരവറിയിച്ച് മാഞ്ചെസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന്റെ ഒരു ഗോളിന് എതിരെ 5 ഗോളിന്റെ മറുപടി നൽകിയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് ലീഗിൽ രാജകീയമായി തന്നെ വരവറിയിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചെസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അയ്‌ലിങ്ങിലൂടെ ലീഡ്സ് ഒപ്പമെത്തിയെങ്കിലും പിന്നീട് യുണൈറ്റഡ് തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ലീഡ്‌സിന്റെ സമനില ഗോൾ ആഘോഷം അവസാനിക്കും മുൻപ് വീണ്ടും ഗ്രീൻവുഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. തുടർന്ന് തുടരെ ബ്രൂണോയും ഫ്രഡും ചേർന്ന് മൂന്ന് ഗോളുകൾ കൂടെ അടിച്ചതോടെ യുണൈറ്റഡ് ലീഡ്സിനെതിരെ 5-1ന്റെ ആധികാരിക വിജയം സ്വന്തമാക്കുകയായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിൽ ഹാട്രിക്ക് നേടിയപ്പോൾ പോഗ്ബ നാല്‌ ഗോളുകൾക്കാണ് അസ്സിസ്റ്റ് നൽകിയത്. ഒരു അസ്സിസ്റ്റ് ലിൻഡലോഫും നൽകി.

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തകർത്ത് വിട്ടത്. അലൻസോ, പുലിസിച്ച്, ഷലോബ എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. നോർവിച്ച് സിറ്റി ലിവർപൂൾ മത്സരം ലിവർപൂളും 3-0 സ്കോറിനാണ് സ്വന്തമാക്കിയത്. ലിവർപൂളിനായി ജോട്ട, ഫിർമിനോ, സലാഹ് എന്നിവരാണ് ലക്ഷ്യം കണ്ടത്. മത്സരത്തിൽ രണ്ട് അസിസ്റ്റും സലായുടെ വകയായിരുന്നു.

ലെസ്റ്റർ സിറ്റി വോൾവ്സിനെ 1-0 സ്കോറിനും, വാറ്റ്ഫോർഡ് ആസ്റ്റൺ വില്ലയെ 3-2നും, എവെർട്ടൺ സൗത്താംപ്ടനെ 3-1നും, ബ്രൈറ്റൻ ബ്രേൻലിയെ 2-1നും പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ നടന്ന പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആർസനലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

നാളെ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യൻ സമയം വൈകിട്ട് 6:30ക്ക് ന്യൂകാസിൽ വെസ്റ്റ് ഹാമിനെയും. രാത്രി 9 മണിക്ക് ടോട്ടൻഹാം നിലവിലെ ചാംപ്യൻമാരായ മാഞ്ചെസ്റ്റർ സിറ്റിയെയും നേരിടും.

– എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply