അടുത്ത സീസൺ ഐ.എസ്.എല്ലിനായി തയ്യാറെടുക്കുന്ന ഈസ്റ്റ് ബംഗാൾ കഴിഞ്ഞ സീസണിൽ നിന്നും ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പേരുകൾ സംബന്ധിച്ച സൂചനകൾ വന്നുതുടങ്ങി. മുഹമ്മദ് റഫീഖ്, അൻകിത് മുഖർജി, സൗരവ് ദാസ്, രാജു ഗെയ്ക്‌വാദ്, സുബ്രത പോൾ, സുവം സെൻ, മിർഷാദ് മിച്ചു, സുർചന്ദ്ര സിംഗ്, അൻഗോസന ലുവാങ്, ജെജെ, അഷീർ അക്തർ എന്നീ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്.
ഇതുകൂടാതെ അരിന്ദം ഭട്ടാചാര്യ, പ്രബീർ ദാസ്. പ്രണോയ് ഹാൽഡർ, ആദിൽ ഖാൻ. ചിങ്ലെൻസന, ഉദാന്ത സിംഗ്, പ്രീതം നിങ്‌തൊജം തുടങ്ങിയ താരങ്ങളെ കൂടെ പുതുതായി ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ സീസണിൽ പുതിയ ഇൻവെസ്റ്റേഴ്‌സായ ശ്രീ സിമെന്റ്സിന്റെ വരവോടെയാണ് ഈസ്റ്റ് ബംഗാളിന് ഐ.എസ്.എല്ലിൽ പങ്കെടുക്കാൻ സാധിച്ചത്. എന്നാൽ പിന്നീട് ക്ലബ്ബിന്റെ നിലവിലെ മാനേജ്മെന്റും പുതിയ ഇൻവെസ്റ്റേഴ്‌സും തമ്മിൽ ഉടലെടുത്ത ചില അസ്വാരസ്യങ്ങളെ തുടർന്ന് ഈ സീസൺ ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാളിന് പങ്കെടുക്കാൻ സാധിക്കില്ലെന്ന വാർത്തകൾ വന്നതോടെ ആരാധകരുടെ വലിയ പ്രധിഷേധങ്ങൾ നടന്നിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി. മമതാ ബാനർജി ഈ വിഷയത്തിൽ രണ്ടുപേർക്കുമിടയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും, ഈസ്റ്റ് ബംഗാളിന് ഐ.എസ്.എല്ലിൽ തുടരാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ആരാധകർക്ക് ഉറപ്പു നൽകിയതോടെയാണ് പുതിയ സീസണിലേക്കുള്ള താരങ്ങളെ പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങിയിരിക്കുന്നത്.
- – എസ്.കെ
Leave a reply