എന്തുകൊണ്ട് വിൻസിക്ക് പകരം മിറാൻഡ; ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്നതെന്ത് ?!

കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ വർഷം കളത്തിലിറങ്ങിയ വിൻസി ബാരെറ്റോയെ ചെന്നൈയിൻ എഫ്സിക്ക് ട്രാൻസ്ഫർ നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണ് ഈ വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിങ് അന്നൗൺസ്‌മെന്റ്‌ പൂർത്തിയാക്കപ്പെട്ടത്. എന്നാൽ മുംബൈ സ്വദേശിയായ 22കാരൻ ബ്രൈസ് മിറാണ്ടയെ ചർച്ചിൽ ബ്രദേഴ്സിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടീമിൽ എത്തിച്ചപ്പോൾ മുതൽ ചില ആരാധകർക്കിടയിലെ സംസാരവിഷയമാണ് എന്തുകൊണ്ട് വിൻസിക്ക് പകരം മിറാൻഡ എന്നത്. താരതമ്യപ്പെടുത്തുമ്പോൾ വിൻസിയുടെ അതേ കളിരീതി പുറത്തെടുക്കുന്ന ഒരു പുതിയ താരത്തെ ടീമിലെത്തിക്കാനായി ഒരു വർഷമായി ടീമിൽ ഒത്തിണക്കം പ്രകടിപ്പിക്കുന്ന വിൻസിയെ ട്രാൻസ്ഫർ ചെയ്യേണ്ടതുണ്ടോ എന്നതാണ് പലരും പ്രകടിപ്പിച്ച സംശയം. എന്നാൽ ബ്ലാസ്റ്റേഴ്സിൽ നിലവിലുള്ള താരങ്ങളും, അവരുടെ പ്ലെയിങ് പൊസിഷനും പരിശോധിച്ചാൽ ഇതിനൊരു ഉത്തരം എളുപ്പത്തിൽ കണ്ടെത്താവുന്നതേ ഉള്ളൂ.

കഴിഞ്ഞ സീസണിൽ പുറത്തെടുത്ത 4-4-2 എന്ന സിസ്റ്റത്തിൽ നാല് മിഡ്‌ഫീൽഡർമാരെ മുൻനിർത്തിയുള്ള അതേ കളിരീതി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്ന സീസണിലും പുറത്തെടുക്കുന്നതെന്ന് അനുമാനിക്കുകയാണെങ്കിൽ നിലവിൽ ബ്ലാസ്റ്റേഴ്സിലുള്ള മിഡ്‌ഫീൽഡർമാർ ഇവരൊക്കെയാണ്- അഡ്രിയാൻ ലൂണ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ.പി, ജീക്സൺ സിങ്, പ്യൂട്ടിയ, ആയുഷ് അധികാരി, കെ പ്രശാന്ത്, ഗിവ്‌സൺ സിങ്. ഇതിൽ ജീക്സൺ, പ്യൂട്ടിയ, ആയുഷ്, ഗിവ്‌സൺ എന്നിവർ ഡിഫൻസീവ് മിഡ്‌ഫീൽഡർ അല്ലെങ്കിൽ സെൻട്രൽ മിഡ്‌ഫീൽഡർ റോളുകളാണ് കഴിഞ്ഞ സീസണിൽ കൈകാര്യം ചെയ്തിട്ടുള്ളത്. അഡ്രിയാൻ ലൂണ ഇടതു മിഡ്‌ഫീൽഡ്- ഇടതു വിങ്ങർ പൊസിഷനിൽ കളിക്കുമ്പോൾ ബാക്കിവരുന്ന സഹൽ, രാഹുൽ കെ.പി, കെ പ്രശാന്ത്, ട്രാൻസ്ഫർ നടത്തപ്പെട്ട വിൻസി ബാരെറ്റോ എന്നിവരെല്ലാം വലതു മിഡ്‌ഫീൽഡർ അല്ലെങ്കിൽ വലതു വിങ്ങർമാരാണെന്ന് കാണാം. ചുരുക്കിപറഞ്ഞാൽ ഇടതുമിഡ്‌ഫീൽഡ് അല്ലെങ്കിൽ ഇടതു വിങ്ങർ പൊസിഷനിൽ ലൂണയെ മാറ്റി നിർത്തിയാൽ മറ്റൊരു താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏറെ ഓപ്ഷനുകൾ ലഭ്യമായ വലതു വിങ്ങിൽ നിന്നും വിൻസി ബാരെറ്റോയെ ട്രാൻഫർ നടത്തി പകരം താരങ്ങൾ കുറഞ്ഞ ഇടതു മിഡ്‌ഫീൽഡിലേക്ക് ഒരു പുതിയ താരത്തെ എത്തിക്കുക എന്നത് മികച്ച തീരുമാനമാണ്.

എന്നാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരും ദിവസങ്ങളിലെത്തുന്ന മറ്റു വിദേശ-ഇന്ത്യൻ സൈനിങ്ങുകളെ ആശ്രയിച്ച് നിലവിലെ ടീമിന്റെ ഘടനയിലും അടുത്ത സീസണിൽ താരങ്ങൾ കൈകാര്യം ചെയ്യേണ്ട റോളുകളിലും മാറ്റങ്ങൾ വന്നേക്കാം. കൂടാതെ മുകളിൽ പറഞ്ഞ താരങ്ങളിൽ ചിലർ ടീമിൽ നിന്നും ട്രാൻസ്ഫർ ചെയ്യപ്പെടാമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. അതിനാൽ അടുത്ത സീസണിൽ ടീമിലെ താരങ്ങൾക്ക് ലഭിക്കാൻ പോവുന്ന ഉത്തരവാദിത്വം എന്തായിരിക്കുമെന്ന് ഇപ്പോഴേ പ്രവചിക്കുക അസാധ്യമാണ്. എന്നാൽ 2026വരെ നീളുന്ന ദീർഘകാല കരാർ നൽകി പുതുതായി ഒരു താരത്തെ ടീമിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടെന്ന് വേണം കരുതാൻ. മികച്ച സ്പീഡും, ബോൾ കണ്ട്രോളും പ്രകടിപ്പിക്കുന്ന മിറാൻഡ കൃത്യതയാർന്ന ക്രോസ്സുകൾ നൽകുന്നത്തിലും മികവ് തെളിയിച്ച താരമാണ്. വിൻസി ബാരെറ്റോയെ നൽകി മിറാൻഡയെ ടീമിൽ എത്തിച്ചത് ശരിയായ തീരുമാനമാണോ എന്നത് താരം ടീമിൽ കാഴ്ചവെക്കാൻ പോവുന്ന ഒത്തിണക്കത്തിന്റെയും, പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ പരിശോധിക്കാനാവൂ. പക്ഷെ നിലവിലെ സാഹചര്യത്തിൽ ടീമിനു വളരെ ആവശ്യമായ ഒരു പൊസിഷനിലേക്ക് മികച്ച കഴിവുകൾ പ്രകടിപ്പിച്ച ഒരു യുവ താരത്തെ എത്തിക്കുക എന്നത് തികച്ചും ബുദ്ധിപരമായ തീരുമാനം എന്നു മാത്രമേ കരുതാനാവൂ.

✍? ശരത് കുയ്യാറ്റിൽ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply