മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തമാക്കാനൊരുങ്ങി ഖത്തറിലെ ധനികനായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി. ഖത്തര്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയുടെ മകനും ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്റെ (ക്യുഐബി) ചെയര്‍മാനും കൂടിയാണ് ഇദ്ദേഹം. ക്ലബ്ബിനെ ഏറ്റെടുക്കുന്നതിനുള്ള ബിഡ് സമര്‍പ്പിച്ചതായാണ് സൂചന. 5 ബില്യണ്‍ ഡോളറിലധികം നല്‍കി മാഞ്ചസ്റ്ററിനെ സ്വന്തമാക്കാനാണ് ഖത്തറിന്റെ നീക്കം. ഷെയ്ഖ് ജാസിമിന്റെ ഉടമസ്ഥതയിലുള്ള ‘നയന്‍ ടു’ ഫൗണ്ടേഷനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ് സിയെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ജാസിം. ക്യുഐബി സ്ഥാപിതമായ 1982ലാണ് ഷെയ്ഖ് ജാസിം ജനിച്ചത്. തന്റെ ഇരുപതുകളുടെ തുടക്കത്തിൽ തന്നെ അദ്ദേഹം ബാങ്കിന്റെ ബോര്‍ഡില്‍ അംഗമായി. പ്രമുഖ ഇസ്ലാമിക ധനകാര്യ സ്ഥാപനമായി ക്യുഐബി വളരുന്ന ഘട്ടത്തിലെല്ലാം അദ്ദേഹമായിരുന്നു ചെയര്‍മാൻ. 50 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ക്യുഐബി, 2022 ല്‍ 1 ബില്യണ്‍ ഡോളറിലധികം അറ്റാദായം രേഖപ്പെടുത്തിയിരുന്നു. സമ്പത്ത് കുതിച്ചുയർന്നതോടെ സ്ത്രീകൾക്ക് മാത്രമായി ക്യുഐബി ബാങ്ക് ശാഖകളും ശരിയ പ്രകാരമുള്ള ഇൻഷുറൻസും സ്ത്രീകൾക്കായി മറ്റ് ചില സാമ്പത്തിക ഉൽപ്പന്നങ്ങളും ബാങ്ക് അവതരിപ്പിച്ചിരുന്നു.
2007 മുതല്‍ 2013 വരെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹമദിന്റെ 15 മക്കളില്‍ ഒരാളാണ് ഷെയ്ഖ് ജാസിം. എച്ച്ബിജെ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ്, മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ അടുത്തയാളായിരുന്നു. അദ്ദേഹം ലോകകപ്പ് പോലുള്ള പ്രധാന കായിക ഇനങ്ങളില്‍ വന്‍ നിക്ഷേപം നടത്തുന്നതിനും ക്ലബ്ബുകളെ വാങ്ങുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. ഖത്തർ ഇസ്ലാമിക് ബാങ്കിന്റെ (ക്യുഐബി) ദീർഘകാല ചെയർമാനാണ് ഷെയ്ഖ് ജാസിം. എലൈറ്റ് ബ്രിട്ടീഷ് മിലിട്ടറി അക്കാദമിയായ സാൻഡ്‌ഹർസ്റ്റിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നേടിയത്.
നിലവിൽ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെര്‍മെയ്ൻ (പിഎസ്ജി) തമീം ബിൻ ഹമദ് അൽതാനിയുടെ ഉടമസ്ഥതയിലുള്ള ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റിന്റെ കീഴിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വാങ്ങാനുള്ള ഷെയ്ഖ് ജാസിമിന്റെ മോഹങ്ങള്‍ക്ക് ഇത് ചിലപ്പോൾ വിലങ്ങു തടിയായേക്കും. കാരണം ഒരേ മത്സരത്തില്‍ കളിക്കുന്ന രണ്ട് ക്ലബ്ബുകളുടെ ഉടമസ്ഥത ഒരേ സ്ഥാപനത്തിൽ നിന്നാകുന്നത് യൂറോപ്യന്‍ ഗവേണിംഗ് ബോഡിയായ യുവേഫ അനുവദിക്കില്ല. ഖത്തറിന് പുറമെ, മാഞ്ചസ്റ്ററിനെ സ്വന്തമാക്കാന്‍ ബിഡ് സമര്‍പ്പിച്ച മറ്റൊരാളാണ് ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം റാറ്റ്ക്ലിഫ്.
നിലവിലെ ഉടമസ്ഥരായ ഗ്ലെയ്സർ കുടുംബം കഴിഞ്ഞ വർഷം അവസാനമാണ് ക്ലബ് വിൽക്കുന്നതായി പ്രഖ്യാപിച്ചത്. ഏകദേശം 600 കോടി പൗണ്ടാണ് (ഏകദേശം 60,000 കോടി രൂപ) ക്ലബ്ബിനു മൂല്യം കണക്കാക്കുന്നത്.
Leave a reply