റൊണാള്‍ഡോ എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് ലേലത്തിന്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് സെർബിയയിൽ ലേലത്തിന് വെച്ചു
Cristiano Ronaldo's armband up for auction in Serbia
AFP

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ ആംബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലാണ് ആം ബാന്‍ഡ് ലേലത്തിന് വെച്ചത്.

സ്പൈനല്‍ മാസ്‌ക്കുലാര്‍ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കായി സെര്‍ബിയയിലെ ഒരു ചാരിറ്റി സംഘമാണ് ആം ബാന്‍ഡ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സി അക്ഷരം പതിപ്പിച്ച ആം ബാന്‍ഡ് ലേലം മൂന്ന് ദിവസം ഓണ്‍ലൈനായാണ് നടക്കുക.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ ഗോള്‍ പോസ്റ്റിലേക്ക് പായിച്ച പന്ത് ഗോള്‍ ലൈന്‍ പിന്നിട്ടെങ്കിലും എതിര്‍ ടീം ഡിഫന്‍ഡര്‍ തട്ടി കളയുകയായിരുന്നു. ഇത് ഗോളായി റഫറിമാര്‍ അംഗീകരിക്കാതിരുന്നതാണ് റൊണാള്‍ഡോയെ ക്ഷുഭിതനാക്കിയത്.

ഗോള്‍ നിഷേധിച്ച ശേഷം ക്ഷുഭിതനായി തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ അവസാന വിസിലിനു മുന്‍പ് മൈതാനം വിട്ടു. ഗോളിനായി വാദിച്ച്‌ പ്രതിഷേധിച്ച റൊണാള്‍ഡോക്ക് റഫറി മഞ്ഞക്കാര്‍ഡും നല്‍കി. ഈ ഗോള്‍ അനുവദിക്കാതിരുന്നതോടെ പോര്‍ച്ചുഗലും സെര്‍ബിയയും 2-2 സമനിലയില്‍ പിരിയുകയായിരുന്നു.

എന്നാൽ മത്സരശേഷം ഡച്ച്‌ റഫറി ഡാനി മക്കലി ഡ്രസിങ് റൂമിലെത്തി മാപ്പ് പറഞ്ഞെന്ന് പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞിരുന്നു. റൊണാള്‍ഡോയുടെ വികാരപ്രകടനം ന്യായമാണെന്നും, വിജയ ഗോളുകള്‍ നിഷേധിക്കപ്പെടുകയാണെങ്കില്‍ ഇത് പോലെ തന്നെയാവും താരങ്ങള്‍ പ്രതികരിക്കുക എന്നും കോച്ച് പറഞ്ഞു.

 

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply