ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് E ലെ അവസാന മത്സരത്തിൽ ഇറങ്ങുന്ന ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30 നാണ് മത്സരം. ഖത്തറിലെ ജാസിം ബിൻ ഹമാദ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക. 7 മത്സരങ്ങളിൽ നിന്നും ഒരു ജയവും 3 സമനിലകളുമായി 6 പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആണ് ഇന്ത്യ. അതേസമയം 7 കളികളിൽ നിന്നും ഒരു ജയവും 2 സമനിലയുമായി 5 പോയിന്റോടെ അഫ്ഗാനിസ്ഥാൻ തൊട്ടുപുറകിലുണ്ട്. ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും വിജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി ഏഷ്യൻ കപ്പിനു യോഗ്യത നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇതിനു മുൻപ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 1-1 എന്ന സ്കോറിൽ സമനിലയിൽ പിരിയുകയായിരുന്നു. അഫ്ഗാനിസ്ഥാനായി നാസറി ഗോളടിച്ചപ്പോൾ ഇന്ത്യയുടെ സമനില ഗോൾ പിറന്നത് കളിയുടെ ഇഞ്ചുറി ടൈമിൽ ആയിരുന്നു. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ സെമിലെൻ ഡുൻഗൾ ആണ് ഇന്ത്യക്കായി വലകുലുക്കിയത്.
ഗ്രൂപ്പ് ലെ പ്രമുഖരായ ഖത്തറിന്റെയും ഒമാന്റെയും അത്ര കരുത്തരല്ലെങ്കിലും അഫ്ഗാനിസ്ഥാനെ എഴുതിതള്ളാൻ കഴിയില്ല. അഫ്ഗാനിസ്ഥാൻ ടീമിലെ ഭൂരിഭാഗം താരങ്ങളും വിദേശലീഗുകളിൽ കളിക്കുന്നത് അവർക്ക് ഗുണം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചും ഇതേക്കുറിച്ചു സൂചിപ്പിച്ചിരുന്നു. കളിക്കു മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. “സമനിലയ്ക്കായി കളിക്കുന്ന ഒരു പരിശീലകനെയോ ഏതെങ്കിലും ടീമിനെയോ എനിക്കറിയില്ല, നിങ്ങൾ മികച്ച എതിരാളികളുമായി ഏറ്റുമുട്ടുമ്പോൾ, നിങ്ങൾ നിങ്ങളുടെ ജീവിതത്തെ സംരക്ഷിക്കുകയും ഒന്നോ രണ്ടോ മൂന്നോ അവസരങ്ങൾക്കായി കാത്തിരിക്കുകയും വേണം. ഇത് ഖത്തറിനെതിരെയാണ് സംഭവിച്ചത്, പക്ഷേ ഞങ്ങൾ സമനിലയ്ക്കായി കളിക്കുന്നില്ല, വിജയിക്കുകയാണ് ലക്ഷ്യം”
ബംഗ്ലാദേശിനെതിരെ 2-0 നു നേടിയ വിജയത്തിന്റെ ആത്മാവിശ്വാസത്തോടെയാവും ഇന്ത്യ കളിക്കളത്തിൽ ഇറങ്ങുക. ടീമിൽ കാര്യമായ അഴിച്ചു പണിയ്ക്ക് സാധ്യതയില്ല. എന്നിരുന്നാലും പൊതുവെ നിറം മങ്ങിയ പ്രകടനം നടത്തുന്ന ഉദാന്ത സിംഗ്, ബിപിൻ സിംഗ് എന്നിവർക്ക് പകരം മികച്ച ഫോമിലുള്ള ആഷിഖ് കുരുണിയനും ലിസ്റ്റൻ കോളാസോയും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. മലയാളി താരം സഹൽ അബ്ദുൽ സമദ് ഈ കളിയിലും പകരക്കാരൻ ആയി വരാൻ ആണ് സാധ്യത. മിന്നുന്ന ഫോമിലുള്ള ക്യാപ്ടൻ സുനിൽ ഛേത്രി, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു, ബ്രണ്ടൻ ഫെർണാണ്ടസ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
Leave a reply