മൊബൈൽ ഗെയിം ആരാധകർ ദീർഘകാലമായി കാത്തിരുന്ന ഒരുവാർത്തയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽകുന്നത്. യുവാക്കളുടെയും കൊച്ചുകുട്ടികളുടെയും വരെ ഇഷ്ടഗെയിമായ PUBGയാണ് 10 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ യൂസേഴ്സിലേക്ക് തിരിച്ചെത്തുന്നത്. BATTLEGROUNDS MOBILE INDIA എന്ന പേരോടുകൂടിയാണ് പ്ലേയ്സ്റ്റോറിൽ ലഭ്യമാവുക. ഐ ഫോൺ പതിപ്പ് ഇറങ്ങാൻ വൈകും.
കഴിഞ്ഞവർഷം സെപ്റ്റംബർ 2നാണ് പബ്‌ജിയടക്കം 118 ആപ്പുകൾ കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയിൽ നിരോധനം വന്നതോടുകൂടി ചൈനീസ് വമ്പന്മാരായ ടെൻസെന്റുമായി പബ്‌ജി കരാർ പിൻവലിച്ചിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധം പിൻവലിക്കാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ അന്ന് അറിയിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എന്നതടക്കമുള്ള പരാതിയാണ് കേന്ദ്രം പബ്‌ജിയടക്കമുള്ള അപ്പുകൾക്കെതിരെ ഉന്നയിച്ചിരുന്നത്. എന്നാൽ ഇന്നിറങ്ങുന്ന പബ്‌ജി ഒരു പൂർണ ഇന്ത്യൻ പതിപ്പായിരിക്കും. വമ്പൻ മാറ്റങ്ങളാണ് പുതിയ ഗെയിമിൽ ഉള്ളതെന്നാണ് സൂചന.
ആൻഡ്രോയിഡിൽ 600 MB യാണ് ഗെയിമിന്റെ സൈസ്. BGMI ഡൌൺലോഡ് ചെയ്യുന്നതിന് നിങ്ങളുടെ ഫോണിൽ 600MB സ്പേസ് ഉണ്ടായിരിക്കണമെന്നാണ് ഇതിനർത്ഥം. ആൻഡ്രോയിഡ് 5.1 നു മുകളിൽ ഉള്ള മൊബൈലുകളിലെ ഗെയിം കളിക്കാൻ സാധിക്കുകയുള്ളൂ. ഫോണിലെ RAM കുറഞ്ഞത് 2GB എങ്കിലും ഉണ്ടായിരിക്കണം. ഗെയിമിലെ നിങ്ങളുടെ പ്രകടനം നിങ്ങളുടെ മൊബൈൽ ഫോണിന്റെ സവിശേഷതകളെ അനുസരിച്ചിരിക്കും.
പബ്‌ജി ഗെയിം ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഇന്ത്യയിൽ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില ആത്മഹത്യ കേസുകളും ഇതിൽ ഉൾപ്പെടുന്നു. കുട്ടികൾ ഈ ഗെയിമിൽ അടിമകളാവുന്നതും രക്ഷിതാക്കൾക്ക് തലവേദനയാണ്. എന്നാൽ പുതിയതായി ഇറങ്ങുന്ന ഗെയിമിൽ 18 വയസിനു താഴെയുള്ള ആളാണെങ്കിൽ മാതാപിതാക്കളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ സമ്മതം വാങ്ങാൻ ഗെയിം ആവശ്യപ്പെടും. മൊബൈൽ നമ്പർ വഴി ഒറ്റത്തവണ പാസ്സ്‌വേർഡ് മാതൃകയിലാവും ഇത് നടപ്പാക്കുക. ഇതെത്രത്തോളം വിജയകരമാവും എന്ന് കാത്തിരിക്കേണ്ടിയിരിക്കുന്നു.
Leave a reply