49 കിലോഗ്രാം വനിതാ ഭാരദഹ്വനത്തിൽ വെള്ളി നേടിയ മിരഭായ് ചാനു ഇന്ത്യക്ക് മെഡൽ പട്ടികയിൽ ഇടം നേടിത്തന്നു. ആകെ ഇരുന്നൂറ്റി രണ്ട് കിലോഗ്രാം ഭാരമാണ് ചാനു ഉയർത്തിയത്. 2015 റിയോ ഒളിമ്പിക്സിൽ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു മടങ്ങിയ ചാനുവിന്റെ കഠിനാധ്വാനം ഇന്ന് ഇന്ത്യക്ക് മെഡൽ നേടിത്തന്നു എന്നതാണ് ഈ വിജയത്തിന് ഇരട്ടി മധുരം പകരുന്നത്.2002 സിഡ്നി ഒളിമ്പിക്സിൽ വെങ്കലം നേടിയ കർണ്ണം മല്ലേശ്വരിയാണ് ഇതിന് മുൻപ് ഭാരദ്വഹനത്തിൽ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സ് മെഡൽ നേടുന്ന വെയിറ്റ് ലിഫ്റ്റർ. ഇരുന്നൂറ്റിപ്പത്ത് കിലോഗ്രാം ഉയർത്തിയ ചൈനയുടെ ഹാവ് സിഹുയി സ്വർണ്ണവും നൂറ്റിതൊണ്ണൂറ്റി നാല് കിലോഗ്രാം ഉയർത്തി ഇൻഡോനേഷ്യയുടെ ഐഷ വിൻഡി കാന്റിക്ക വെങ്കലവും കരസ്ഥമാക്കി.
10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ച സൗരഭ് ചൗധരി യോഗ്യതാ റൗണ്ടുകളിൽ മുന്നിട്ട് നിന്നെങ്കിലും ഫൈനലിൽ ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എന്നാൽ
വനിതാ 10 മീറ്റർ എയർ റൈഫിൾ യോഗ്യതാ മത്സരത്തിൽ ലോക ഒന്നാം നമ്പർ എലവേനിൽ വലരിവനും ലോക റെക്കോർഡ് ഉടമ അപൂർവി ചന്ദേലയും ഫൈനലിൽ ഇടം നേടാതെ പുറത്തായി.
ആർചെറി മിക്സഡ് ഇനത്തിൽ ദീപിക കുമാരി, പ്രവീൺ ജാദവ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചെങ്കിലും ദക്ഷിണ കൊറിയൻ സഖ്യത്തോട് തോൽവി വഴങ്ങി പുറത്തായി. ഹോക്കിയിൽ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ 3-2ന് പരാജയപ്പെടുത്തി ഇന്ത്യൻ പുരുഷ സംഘം മെഡൽ പ്രതീക്ഷ നിലനിർത്തിയപ്പോൾ വനിതകളുടെ സംഘം നെതർലാൻഡ്‌സിനോട് 5-1ന്റെ കനത്ത തോല് വി ഏറ്റു വാങ്ങി. ബാഡ്മിന്റണിൽ പുരുഷ സിംഗിൾസിൽ ബി. സായി പ്രണീത്ത് പ്രാരംഭ റൗണ്ടിൽ തന്നെ പുറത്തായി. അതേസമയം പുരുഷ ഡബിൾസിൽ ചൈനീസ് തായ്പേയുടെ ലോക മൂന്നാം നമ്പർ ജോഡി യാങ് ലീ – ചിലിൻ വാങ് സഖ്യത്തെ ആവേശകരമായ മത്സരത്തിൽ 21-16, 16-21, 27-25ന് പരാജയപ്പെടുത്തി സത്വിക്സൈരാജ് റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ഇന്ത്യയുടെ ബാഡ്മിന്റൺ മെഡൽ പ്രതീക്ഷകൾക്ക് ജീവൻ നല്കി.
ടെന്നിസ് സിംഗിൾസ് മത്സരത്തിൽ സുമിത് നാഗൽ ആദ്യ റൗണ്ട് വിജയത്തോടെ ആരംഭിച്ചു. 1996ലെ അറ്റ്ലാന്റ ഗെയിംസിൽ ലിയാൻഡർ പേസിന് ശേഷം ടെന്നിസ് സിംഗിൾസ് മത്സരം വിജയിക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടം സുമിത് സ്വന്തമാക്കി. ടേബിൾ ടെന്നീസ് വനിതാ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനിക ബാത്ര, സുതിര മുഖർജി എന്നീ രണ്ട് താരങ്ങളും ആദ്യ റൗണ്ട് വിജയിച്ചു. ബോക്സിങ്ങിൽ വെൽറ്റർവെയിറ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ ബോക്സർ വികാസ് ക്രിഷൻ ആദ്യ റൗണ്ടിൽ തന്നെ തോറ്റു പുറത്തായി. പുരുഷന്മാരുടെ ലൈറ്റ് വെയിറ്റ് ഡബിൾ സ്കൾസ് ഹീറ്റിൽ അഞ്ചാം സ്ഥാനത്തെത്തിയ അർവിന്ദ് സിംഗിന്റെയും അർജുൻ ലാൽ ജാട്ടിന്റെയും തുഴച്ചിൽ ജോഡി റിപെച്ചേജ് റൗണ്ടിലേക്ക് യോഗ്യത നേടി. വനിതകളുടെ 48 കിലോഗ്രാം മത്സരത്തിൽ ജൂഡോക്ക സുശീല ദേവി ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെട്ടു.
~ JIA ~
Leave a reply