ടോക്യോ ഒളിമ്പിക്സിന്റെ പതിനാലാം ദിനം വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ഗ്രേറ്റ് ബ്രിട്ടനോട് പൊരുതിതോറ്റു. മത്സരം പകുതി ആയപ്പോൾ 3-2 എന്ന നിലയിൽ ഇന്ത്യ മുന്നിട്ട് നിന്നെങ്കിലും ശക്തമായി തിരിച്ചടിച്ച ഗ്രേറ്റ് ബ്രിട്ടൻ 4-3ന് വിജയിച്ചു.
ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷകളിലൊന്നായ ബജ്രംഗ് പുനിയ ഇന്ന് പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ റെസ്ലിംങ്ങിൽ രണ്ട് റൗണ്ടുകൾ വിജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചെങ്കിലും ഫൈനൽ യോഗ്യതക്കുള്ള മത്സരത്തിൽ അടിതെറ്റി. വെങ്കല മെഡലിനായുള്ള മത്സരം പുനിയക്ക് ബാക്കിയുണ്ട്. വനിതാ റെസ്ലിംങ്ങിൽ സീമ ബിസ്ല 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി.
ഗോൾഫർ അദിതി അശോക് മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ രണ്ടാം സ്ഥാനത്തെത്തി മെഡൽ പ്രതീക്ഷ നിലനിർത്തി. നാളെയാണ് അവസാന റൗണ്ട് മത്സരം. കാലാവസ്ഥ പ്രവചന പ്രകാരം നാളെ ഇടിയും മിന്നലും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ അവസാന റൗണ്ട് റദ്ധാക്കുകയാണെങ്കിൽ ഇപ്പോഴത്തെ നിലയനുസരിച്ച് അതിഥി വെള്ളി മെഡലിന് അർഹയാകും.
പുരുഷന്മാരുടെ 4×400 മീറ്റർ റിലേ ടീം ഏഷ്യൻ റെക്കോർഡ് തിരുത്തിക്കുറിച്ച സമയത്തോടെ (3:00.25) മത്സരം അവസാനിപ്പിച്ചെങ്കിലും ഫൈനൽ യോഗ്യത നേടാനായില്ല. വനിതകളുടെ 20 കിലോമീറ്റർ റേസ് വാക്കിൽ പ്രിയങ്ക ഗോസ്വാമി എട്ട് കിലോമീറ്ററിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും മത്സരം അവസാനിച്ചപ്പോൾ പതിനേഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 50 കിലോമീറ്റർ റേസ് വാക്കിൽ ഗുർപ്രീത് സിംഗ് പരാജയപ്പെട്ടു.
- • JIA •
Leave a reply