സിന്ധുവും കൈവിട്ടു; നിരാശപ്പെടുത്തി എട്ടാം ദിനവും

ഇന്ത്യക്ക് നിരാശ സമ്മാനിച്ച് ടോക്യോ ഒളിമ്പിക്സ് എട്ടാം ദിനവും കടന്ന് പോയി.

വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ അറുപത്തി നാല് മീറ്റർ ദൂരം കണ്ടെത്തി ഫൈനലിന് യോഗ്യത നേടി. എന്നാൽ ഇതേ ഇനത്തിൽ സീമ പുനിയ യോഗ്യത നേടാതെ പുറത്തായി.

അവസാന ഗ്രൂപ്പ്‌ മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ദക്ഷിണാഫ്രിക്കയെ 4-3ന് തോൽപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ അയർലണ്ട് 0-2ന് ഗ്രേറ്റ് ബ്രിട്ടനോട് പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ വനിതകൾ ക്വാർട്ടർ ഫൈനൽ യോഗ്യത നേടി.

ആർച്ചർ അതാനു ദാസും പ്രീ ക്വാർട്ടർ മത്സരത്തിൽ ജപ്പാന്റെ തകാരു ഫുരുകാവയോട് തോറ്റു പുറത്തായി. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ഇന്ത്യയുടെ ഷൂട്ടർമാരായ അഞ്ജും മൗദ്ഗിൽ പതിനഞ്ചാം സ്ഥാനവും തേജസ്വിനി സാവന്ത് മുപ്പത്തി മൂന്നാം സ്ഥാനവും നേടി ഫൈനൽ യോഗ്യത നേടാതെ പുറത്തായി.

പുരുഷന്മാരുടെ ബോക്സിംങ്‌ ഫ്ലൈവെയ്റ്റ് റൗണ്ട് ഓഫ് 16 മത്സരത്തിൽ കൊളംബിയയുടെ യുബർജെൻ മാർട്ടിനെസിനോട് പരാജയപ്പെട്ട് അമിത് പംഗൽ പുറത്തായി. വനിതകളുടെ മിഡിൽവെയ്റ്റ് 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ പൂജ റാണി ചൈനയുടെ ലി ക്വിയാനോട് ക്വാർട്ടറിൽ കീഴടങ്ങി.

ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ ബാഡ്മിന്റെൺ സെമിയിൽ പി വി സിന്ധു 21-18, 21-12 എന്ന സ്കോറിൽ നേരിട്ടുള്ള സെറ്റുകൾക്ക് ചൈനീസ് തായ് പെയുടെ തായ് സു യിംഗിനോട് പരാജയം ഏറ്റുവാങ്ങി. ഇതോടെ സിന്ധുവിനു ഫൈനൽ യോഗ്യത നേടാനായില്ല. വെങ്കല മെഡലിനായി നാളെ വീണ്ടും മത്സരിക്കുന്നുണ്ട്.

പുരുഷൻമാരുടെ ലോങ്ങ്‌ ജമ്പിൽ മുരളി ശ്രീശങ്കർ ഫൈനൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. ഗ്രൂപ്പിൽ പതിമൂന്നാം സ്ഥാനവും ഓവറോൾ റാങ്കിംഗിൽ ഇരുപത്തിയഞ്ചാം സ്ഥാനവും നേടി.

തുഴച്ചിലിൽ പുരുഷന്മാരുടെ രണ്ട് അംഗ സ്കിഫ് 49-എർ ക്ലാസ്സിൽ വരുൺ താക്കർ-കെ.സി ഗണപതി സഖ്യം നൂറ്റി അൻപത്തി നാല് പോയിന്റോടെ പത്തൊൻപത് മത്സരാർത്ഥികളിൽ പതിനേഴാം സ്ഥാനത് തുടരുന്നു. മെഡലിനായുള്ള മത്സരം മാത്രമാണ് ഈ വിഭാഗത്തിൽ ഇനി അവശേഷിക്കുന്നത്.


ഇന്ത്യൻ റൈഡർ ഫൗവാദ് മിർസയും കുതിര സെയ്ഗ്നൂർ മെഡികോട്ടും ഒൻപതാം സ്ഥാനത്തോടെ ഇക്വസ്ട്രിയൻ (കുതിര സവാരി) മത്സരത്തിന്റെ ഡ്രെസേജ് ഘട്ടം പൂർത്തിയാക്കി.

  • ~ JAI ~
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply