ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിയാണ് ടോക്യോ ഒളിമ്പിക്സിന്റെ ഏഴാം ദിനം അവസാനിച്ചത്.
ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അകാനെ യെമാഗുച്ചിയെ പരാജയപ്പെടുത്തി ബാഡ്മിന്റൺ താരം വി പി സിന്ധു സെമിയിൽ പ്രേവേശിച്ചു മെഡൽ ഉറപ്പാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം തുടർച്ചയായ രണ്ട് ഒളിമ്പിക്സ് ബാഡ്മിന്റൺ മത്സരത്തിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. സ്കോർ:21-13, 22-20. 56 മിനിട്ട് നീണ്ടു നിന്ന വാശിയെറിയ മത്സരത്തിൽ റാങ്കിൽ തന്നെക്കാൾ ഒരുപാട് മുൻപിലുള്ള താരത്തെയാണ് സിന്ധു കീഴ്പ്പെടുത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെള്ളി മെഡൽ നേടി സിന്ധു ചരിത്രം സൃഷ്ടിച്ചിരുന്നു.
വനിതകളുടെ അറുപത്തി ഒൻപത് കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലീന ബോർഗോഹെയ്നും ജയത്തോടെ സെമി പ്രവേശനം നേടുകയും മെഡൽ ഉറപ്പിക്കുകയും ചെയ്തു. ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് താരത്തെ തോൽപ്പിച്ചാണ് ലവ്‌ലീന ഈ നേട്ടം കരസ്ഥമാക്കിയത്.
വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടറില്‍ നോർത്ത് കൊറിയയുടെ ആന്‍ സാനിയയോട് തോറ്റു പുറത്തായി. വനിതാ ഹോക്കിയിൽ അയർലൻഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ നിർണായക വിജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനൽ സാധ്യതകൾ നിലനിർത്തി. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ വിജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഇറ്റലിയോടും ജർമ്മനിയോടും ഇന്ത്യ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യയുടെ അവസാന മത്സരം നാളെ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ്. 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി.ജാബിർ പുറത്തായി. അഞ്ചാം ഹീറ്റ്‌സിൽ അവസാന സ്ഥാനത്താണ് ജാബിർ ഫിനിഷ് ചെയ്തത്. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതി ചന്ദ് സെമി കാണാതെ പുറത്തായി.
പുരുഷന്മാരുടെ 3000 സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെ ഹീറ്റ്സിൽ തന്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു. രണ്ടാമത്തെ ഹീറ്റ്‌സില്‍ എട്ടു മിനിറ്റ് പതിനെട്ടു സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തെങ്കിലും ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിച്ചില്ല. ടോക്കിയോ ഒളിമ്പിക്സിൽ ഇക്വസ്ട്രിയൻ (കുതിരസവാരി) ഫൗവാദ് മിർസ ശ്രദ്ധേയമായ അരങ്ങേറ്റം നടത്തി. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഏക റൈഡറായ ഫൗവാദ് മിർസ വ്യക്തിഗത റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി.
ഇന്ത്യൻ പുരുഷ ഹോക്കി ടീം അവസാന ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെ 5-3ന് തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ക്വാർട്ടർ ഫൈനൽ പ്രവേശനം നേരത്തെ നേടിയിരുന്നു. 4X400 മിക്സഡ് റിലേ ടീം ഹീറ്റ്സിൽ അവസാന സ്ഥാനം നേടി പുറത്തായി.
- ~ @bhi ~
Leave a reply