ടോക്കിയോ ഒളിമ്പിക്സ് 2020 : രണ്ടാം ദിനം നിരാശപ്പെടുത്തി ടീം ഇന്ത്യ ; പോരാട്ടവീര്യത്തിന്റെ പര്യായമായി മാനിക ബാത്ര

 

പെൺക്കരുത്തിൽ ടോക്കിയോ ഒളിമ്പിക്സിന്റെ ആദ്യദിനത്തിൽ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർന്നപ്പോൾ അപ്രതീക്ഷിത തിരിച്ചടികളിലൂടെ രണ്ടാം ദിവസം. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വർധിച്ചിരുന്ന മത്സരയിനമായിരുന്നു പുരുഷ ഹോക്കി.

ന്യൂസ്‌ലാൻഡിന് എതിരെയുള്ള ആദ്യവിജയത്തിന് ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കനത്ത പ്രഹരം നൽകി ഓസ്‌ട്രേലിയ. പുരുഷ വിഭാഗം പൂൾ A മത്സരത്തിൽ ഒന്നിനെതിരെ 7 ഗോളുകൾക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തകർത്തത്. ദിൽപ്രീത് സിംഗ് ആണ് ഇന്ത്യയ്ക്ക് വേണ്ടി സ്കോർ ചെയ്ത ഏക വ്യക്തി. പെനാൽറ്റി കോർണർ അവസരങ്ങൾ വലയിൽ എത്തിക്കാൻ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

വനിതകളുടെ 51 കിലോഗ്രാം ബോക്സിങ്ങിൽ ഇന്ത്യൻ താരം മേരികോം പ്രീക്വാർട്ടറിൽ കടന്നു. ലണ്ടൻ ഒളിമ്പിക്സിലെ വിജയം ടോക്കിയോയിലും ആവർത്തിക്കാൻ ഈ താരത്തിന് കഴിയുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ കായിക ലോകം. 4-1 ന് ആണ് ഡോമനിക്കൻ റിപബ്ലിക്കിന്റെ ഹെർണാഡസിനെ മേരികോം പരാജയപ്പെടുത്തിയത്.

ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തി മാനിക ബാത്ര. ആദ്യ രണ്ട് സെറ്റുകളിൽ വെല്ലുവിളി ഉയർത്തിയ ഉക്രൈന്റെ മാർഗരിറ്റ പെസോട്സ്‌കയെ സമ്മർദ്ദത്തിലാക്കിയാണ് തുടർന്നുള്ള സെറ്റുകളിൽ മാനിക തിരിച്ചു വന്നത്. മൂന്നിനെതിരെ നാല് സെറ്റുകൾ കരസ്ഥമാക്കിയാണ് മാനിക ബാത്ര അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടിയത്.

എന്നാൽ മാനിക ബാത്രയുടെ വിജയത്തോടൊപ്പം നിരാശ നൽകുന്ന വാർത്തയാണ് ഇന്ത്യയുടെ ലോക 38 ആം റാങ്കുകാരനായ ജി. സത്യൻ ടേബിൾ ടെന്നീസിൽ നിന്ന് പുറത്തായത്. ഹോങ്കോങ് താരത്തിനോടാണ് ഇന്ത്യൻ താരത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

ടെന്നീസ് വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ – അങ്കിത സഖ്യത്തിന് ആദ്യ റൗണ്ടിൽ പരാജയം. ഉക്രൈന്റെ കിച്ചനോക്ക് സഹോദരിമാരോടാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റുകളിൽ ഇന്ത്യൻ താരങ്ങൾ ആധിപത്യം നേടിയിരുന്നെങ്കിലും രണ്ടാം സെറ്റുമുതൽ കിച്ചനോക്ക് സഹോദരിമാർ ശക്തമായ തിരിച്ചു വരവ് നടത്തി.

റിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടം ആവർത്തിക്കാനൊരുങ്ങി പി. വി. സിന്ധു. വനിതകളുടെ ബാഡ്മിന്റൺ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ താരത്തിന് ഉജ്ജ്വല തുടക്കം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താൻ കഴിയാതിരുന്ന ഇസ്രായേൽ താരത്തിനെ ആണ് സിന്ധു പരാജയപ്പെടുത്തിയത്.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ നിരാശ. പ്രതീക്ഷയായിരുന്ന മനുഭാക്കർ 575 പോയിന്റോടെ 12 ആം സ്ഥാനത്തായാണ് ഫിനിഷ് ചെയ്യ്തത്. യശ്വസിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് യോഗ്യതാ റൗണ്ടിൽ ഫിനിഷ് ചെയ്തത്. 574 പോയിന്റാണ് യെശ്വസ്വിനി നേടിയത്.

റോവിങ്ങിൽ അപ്രതീക്ഷിത കുതിപ്പുമായി ഇന്ത്യൻ സംഘം സെമിഫൈനലിൽ. പുരുഷൻമാരുടെ ലൈറ്റ് വെയിറ്റ് ഡബിൾ സ്കൾസ് വിഭാഗത്തിലാണ് സെമി ഫൈനലിൽ എത്തിയത്. തുടക്കത്തിൽ 5 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അവസാന മീറ്ററുകളിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയാണ് ഇന്ത്യൻ സംഘം മൂന്നാമത്തെത്തിയത്.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply