ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) 2020–21ലെ പുരസ്കാരം ഒളിംപിക് വെങ്കല മെഡൽ ജേതാവും ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റനുമായ മലയാളി പി.ആർ.ശ്രീജേഷിന്. ഇതുൾപ്പെടെ വാർഷിക പുരസ്കാരങ്ങൾ ഇന്ത്യ തൂത്തുവാരി. ടോക്കിയോ ഒളിംപിക്സിൽ വെങ്കലം നേടിയ പുരുഷ ടീമിലെയും 4–ാം സ്ഥാനത്തെത്തിയ വനിതാ ടീമിലെയും 3 വീതം കളിക്കാരും പുരുഷ, വനിതാ ടീമുകളുടെ പരിശീലകരുമാണു പുരസ്കാരത്തിന് അർഹരായത്. ഇത്രയേറെ പുരസ്കാരങ്ങൾ ഇന്ത്യ നേടുന്നത് ഇതാദ്യമാണ്.
2015ലും 17ലും മികച്ച ഗോളിക്കുള്ള ചുരുക്കപ്പട്ടികയിൽ ശ്രീജേഷ് ഉൾപ്പെട്ടിരുന്നെങ്കിലും പുരസ്കാരം ഇതാദ്യമാണ്. ബൽജിയം, ഓസ്ട്രേലിയ ടീമുകളുടെ ഗോളിമാരാണു ശ്രീജേഷിനൊപ്പം അവസാന റൗണ്ടിലെത്തിയത്. വോട്ടെടുപ്പിൽ ദേശീയ അസോസിയേഷനുകളുടെ ആകെ വോട്ടിൽ 47 ശതമാനവും മാധ്യമപ്രവർത്തകരുടെ വോട്ടിൽ 59.46 ശതമാനവും കളിക്കാരുടെയും ആരാധകരുടെയും വോട്ടുകളിൽ 79.9 ശതമാനവും ശ്രീജേഷിനു ലഭിച്ചു.
പുരസ്കാരങ്ങൾ
∙ മികച്ച പുരുഷ ടീം: ബൽജിയം
∙ മികച്ച വനിതാ ടീം: നെതർലൻഡ്സ്
∙ മികച്ച പുരുഷ താരം: ഹർമൻപ്രീത് സിങ് (ഇന്ത്യ)
∙ മികച്ച വനിതാ താരം: ഗുർജിത് കൗർ (ഇന്ത്യ)
∙ മികച്ച ഗോൾകീപ്പർ: പി.ആർ.ശ്രീജേഷ് (ഇന്ത്യ)
∙ മികച്ച വനിതാ ഗോളി: സവിത പൂനിയ (ഇന്ത്യ)
∙ മികച്ച ഭാവിതാരം: വിവേക് സാഗർ പ്രസാദ് (ഇന്ത്യ)
∙ മികച്ച ഭാവിതാരം (വനിത): ഷർമിള ദേവി (ഇന്ത്യ)
∙ പുരുഷ ടീം പരിശീലകൻ: ഗ്രഹാം റീഡ് (ഇന്ത്യ)
∙ വനിതാ ടീം പരിശീലകൻ: സ്യോർദ് മാരിൻ*(ഇന്ത്യ)
(*ഒളിംപിക്സിനുശേഷം ഇന്ത്യൻ ടീമിന്റെ ചുമതലയൊഴിഞ്ഞു)
2020 ജനുവരി മുതൽ ടോക്കിയോ ഒളിംപിക്സ് വരെയുള്ള കാലയളവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐഎച്ച് തയാറാക്കിയ ചുരുക്കപ്പട്ടികയിൽനിന്നു വോട്ടെടുപ്പിലൂടെയാണു പുരസ്കാര വിജയികളെ തിരഞ്ഞെടുത്തത്. ഫെഡറേഷന്റെ 138 അംഗരാജ്യങ്ങളിലെ ദേശീയ ക്യാപ്റ്റൻമാർ, പരിശീലകർ എന്നിവരുടെ വോട്ടുകൾക്കാണു വോട്ടെടുപ്പിൽ 50% മൂല്യം. കളിക്കാരുടെയും തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരുടെയും വോട്ടുകൾക്ക് 25%. ആരാധകരുടെ വോട്ടുകൾക്കു ബാക്കി 25%. ഇത്തവണ 79 അംഗരാജ്യങ്ങളിലെ ക്യാപ്റ്റൻമാരും പരിശീലകരുമാണു വോട്ട് രേഖപ്പെടുത്തിയത്. 3 ലക്ഷം ആരാധകരും വോട്ടെടുപ്പിൽ പങ്കുചേർന്നു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു വോട്ടിങ്. ഒളിംപിക്സിലും പ്രൊ ലീഗിലും ജേതാക്കളായ ബെൽജിയം പുരുഷ ടീമിലെയും നെതർലൻഡ്സ് വനിതാ ടീമിലെയും താരങ്ങളെല്ലാം വോട്ടെടുപ്പിൽ ഇന്ത്യൻ താരങ്ങൾക്കു പിന്നിലായതോടെയാണ ഇന്ത്യൻ താരങ്ങൾ പുരസ്‌കാരങ്ങൾ തൂത്തുവാരിയത്.
എന്നാൽ പുരുഷ വിഭാഗത്തിലെ ഒളിംപിക് ചാംപ്യൻമാരായിട്ടും തങ്ങളുടെ ടീമിലെ ഒരു കളിക്കാരനുപോലും വാർഷിക പുരസ്കാരം ലഭിക്കാത്തതിനെ വിമർശിച്ചു ബെൽജിയം രംഗത്തെത്തി. വോട്ടെടുപ്പിലെ അപാകതയാണു പ്രശ്നമെന്നും ഭാവിയിൽ കുറ്റമറ്റ രീതിയിൽ പുരസ്കാര നിർണയം നടത്തണമെന്നും ബെൽജിയം ഹോക്കി അസോസിയേഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.
✍? എസ്.കെ.
Leave a reply