തോൽവിയിലും തല ഉയർത്തി ഫെഡറർ, 24 വർഷത്തെ കരിയറിന് വിരാമം.

ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു.അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് താരം കോര്‍ട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെ വിടവാങ്ങി.കിരീടത്തോടെ വിരമിക്കാന്‍ ഭാഗ്യം ലഭിച്ചില്ലെങ്കിലും ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന ഖ്യാതി അദേഹത്തിന് സ്വന്തം.

 

ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവ‍ർ കപ്പില്‍ കൂട്ടുകാരനും ദീർഘകാര എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജര്‍ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്.

സ്‌കോര്‍: 6-4, 6-7, 11-9.

‘ ഞാന്‍ വളരെ സന്തോഷവാനാണ്. എനിക്ക് പിന്തുണനല്‍കാന്‍ ധാരാളം പേരുണ്ട്. എന്റെ കുടുംബം ഇന്നിവിടെയുണ്ട്.എന്റെ ഭാര്യയാണ് എന്റെ ശക്തി. അവളുടെ പിന്തുണകൊണ്ടുമാത്രമാണ് ഇത്രയും നാള്‍ എനിക്ക് കോര്‍ട്ടില്‍ തിളങ്ങാനായത്.ഈ സമയം ഞാന്‍ എന്റെ അമ്മയെയും സ്മരിക്കുന്നു. അമ്മയില്ലായിരുന്നുവെങ്കില്‍ ഞാനിവിടെയുണ്ടാകുമായിരുന്നില്ല. അച്ഛന്റെ പിന്തുണയും പറഞ്ഞറിയിക്കാനാവില്ല. അച്ഛനും അമ്മയ്ക്കും ഒരുപാട് നന്ദി. ദൈവത്തിന് നന്ദി എല്ലാവര്‍ക്കും നന്ദി.’ കണ്ണീരോടെ ഫെഡറര്‍ തന്റെ വിരമിക്കൽ പ്രസംഗത്തിൽ പറഞ്ഞു.

1998ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായാണ് ഫെഡററുടെ വരവ്. പിന്നീട് കോര്‍ട്ടുകളില്‍ വിസ്മയം തീര്‍ത്തുകൊണ്ടേയിരുന്ന താരം 20 ഗ്രാന്റ്സ്ലാം കിരീടമെന്ന ചരിത്ര നേട്ടം ആദ്യമായി സ്വന്തമാക്കി.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറ് കിരീടം, ഫ്രഞ്ച് ഓപ്പണില്‍ ഒരു കിരീടം, വിംബിള്‍ഡണില്‍ എട്ട് കിരീടം, യുഎസ് ഓപ്പണില്‍ അഞ്ച് കിരീടം എന്നിങ്ങനെയാണ് ഫെഡററുടെ നേട്ടം. 2008ന് ശേഷം യുഎസ് ഓപ്പണില്‍ വിജയിക്കാന്‍ ഫെഡറര്‍ക്ക് സാധിച്ചിട്ടില്ല. 2012ലെ ഒളിംപിക്‌സില്‍ വെള്ളിയും അദ്ദേഹം നേടിയിട്ടുണ്ട്. 2008ലെ ഒളിംപിക്‌സില്‍ ഡബിള്‍സില്‍ സ്വര്‍ണ്ണവും അദ്ദേഹത്തിന്റെ പേരിലുണ്ട്.

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Leave a reply