ഇന്ന് നടന്ന പുരുഷ ഹോക്കി ഗ്രൂപ്പ്തല മത്സരത്തിൽ നിലവിലെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാക്കളായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തു വിട്ടത്. ഇതോടെ നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചു. ഇന്ത്യക്കായി വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംങ് എന്നിവർ ഗോൾ നേടിയപ്പോൾ അർജന്റീനയുടെ ഗോൾ നേടിയത് മൈക്കൽ കാസെല്ലയാണ്.
ആദ്യ മത്സരത്തിൽ ന്യൂസ്‌ലാൻഡിനോട് വിജയിച്ചു തുടങ്ങിയ ടീം ഇന്ത്യക്ക് രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയോട് 7-1ന്റെ കനത്ത തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. എന്നാൽ അതിനു ശേഷം സ്പെയിനിനോടും ഇന്ന് അർജന്റീനയോടും വിജയിച്ചു കയറിയ ഇന്ത്യ മികച്ച തിരിച്ചു വരവാണ് കാഴ്ചവച്ചത്.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നാളെ ഇന്ത്യ ജപ്പാനെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.
എന്നാൽ ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ഓസ്ട്രേലിയ ന്യൂസ്‌ലാൻഡിനെയും, സൗത്ത് ആഫ്രിക്ക ജർമനിയെയും, ബെൽജിയം കാനഡയെയും പരാജയപ്പെടുത്തി. നെതർലാൻഡ് ബ്രിട്ടൻ മത്സരം സമനിലയിൽ കലാശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരങ്ങൾക്ക് ശേഷമേ ഇന്ത്യയുടെ ക്വാർട്ടർ എതിരാളി ആരെന്നത് വ്യക്തമാവൂ.
- ✍️ എസ്.കെ
Leave a reply