ടോക്കിയോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍. ക്വാര്‍ട്ടറിൽ ഓസ്ട്രേലിയയെ 1–0ന് അട്ടിമറിച്ചു. ഇരുപത്തിരണ്ടാം മിനുറ്റിൽ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. 1980–ല്‍ നാലാംസ്ഥാനം നേടിയത് മാത്രമാണ് വനിത ഹോക്കി ഒളിംപിക്സിലെ ഇന്ത്യയുടെ മികച്ച പ്രകടനം.
മത്സരത്തിലുടനീളം മറുപടി ഗോളിനായി ഓസ്ട്രേലിയ പരിശ്രമിച്ചെങ്കിലും ഒരു ഘട്ടത്തിലും ഇന്ത്യയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ ഓസീസിന് സാധിച്ചില്ല. തുടക്കം മുതല്‍ വ്യക്തമായ പദ്ധതിയോടെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ഇരു ടീമുകളും വളരെ ആക്രമണ സ്വഭാവത്തോടെ കളിച്ചെങ്കിലും ആദ്യ ഗോള്‍ നേടാന്‍ ഇന്ത്യക്കായി. എന്നാൽ ശക്തരായ ഓസ്ട്രേലിയ സമനില നേടുമെന്ന് പലപ്പോഴും തോന്നിപ്പിച്ചു. എന്നാൽ ഓസീസ് ആക്രമണത്തെ മികച്ച പൊസിഷനിങ്ങിലൂടെയും സ്പീഡിലൂടെയും ഇന്ത്യ മറികടക്കുന്ന കാഴ്ചയാണ് കണ്ടത്. ഒപ്പം ഗോൾ കീപ്പർ സവിതയുടെ മികവും ചേര്‍ന്നപ്പോള്‍ ഓസീസ് ആക്രമണങ്ങള്‍ തീർത്തും വിഫലമായി. മൂന്നാം ക്വാര്‍ട്ടറില്‍ നവനീത് കൗറിലൂടെ ലീഡ് വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ശ്രമം ലക്ഷ്യത്തിലെത്തിയില്ല.
സെമി പോരാട്ടത്തിൽ ഓഗസ്റ്റ് നാലിന് ഇന്ത്യ അർജന്റീനയെ നേരിടും.
- – എസ്.കെ
Leave a reply