കായിക പ്രേമികളുടെ ഇഷ്ട ആപ്ലിക്കേഷനുകളിൽ ഒന്നാണ് GHD സ്പോർട്സ്. തങ്ങൾക്ക് ഇഷ്ടപെട്ട മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് യാതൊരു പണ ചിലവുമില്ലാതെ ലഭ്യമാക്കുന്നു എന്നതാണ് GHD സ്പോർട്സിനെ കൂടുതൽപേർ ഇഷ്ടപ്പെടാൻ കാരണം. കൂടാതെ ഇന്ത്യയിൽ ടെലികാസ്ററ് ഇല്ലാത്ത മത്സരങ്ങൾ കാണാൻ ഇത്തരം മാർഗങ്ങൾ മാത്രമേ ഉള്ളൂ എന്നതും GHD സ്പോർട്സിലേക്ക് കൂടുതൽ പേരെ ആകർഷിച്ചു. GHD സ്പോർട്സിന് സമാനായ പല ആപ്ലിക്കേഷനുകളും ലഭ്യമാണെങ്കിലും കൂടുതൽ സ്വീകാര്യത ലഭിച്ചത് GHD സ്പോർട്സിനാണ്. എന്നാൽ പലരും മറക്കുന്ന ഒരു കാര്യം ഇത്തരം അപ്ലിക്കേഷനുകൾക്ക് പിന്നിലെ അപകടങ്ങളെ പറ്റിയാണ്. നമ്മുടെ ഫോണിനോ മറ്റു ഉപകരണങ്ങൾക്കോ യാതൊരു സുരക്ഷയും ഉറപ്പു നൽകാത്ത അനൗദ്യോഗിക വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യപ്പെടുന്ന ഇത്തരം ആപ്ലിക്കേഷനുകൾ നമ്മുടെ ഡിവൈസിന്റെ പല പെർമിഷൻസും കയ്യടക്കിവെക്കുന്നുണ്ട്. ഇത്തരത്തിൽ കയ്യടക്കിവെക്കുന്ന പെർമിഷനുകൾ ഉപയോഗിച്ച് നമ്മുടെ ഫോണിന്റെയോ മറ്റ് ഉപകരണങ്ങളുടെയോ പൂർണ്ണ നിയന്ത്രണം തന്നെ അപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് കൈക്കലാക്കാൻ സാധിക്കും എന്നതാണ്. ഫോണിൽ നാം സൂക്ഷിച്ചിരിക്കുന്ന പല വ്യക്തിവിവരങ്ങളുളുടെയും സുരക്ഷിതത്വം കൂടെയാണ് ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി അപകടത്തിലാവുന്നത്. തേർഡ് പാർട്ടി വെബ്സൈറ്റുകളിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ഇത്തരം ആപ്പുകൾ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിനുള്ള എളുപ്പത്തിലുള്ള പ്രതിവിധി. ഗൂഗിൾ തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ആപ്പുകൾ മാത്രമെ പ്ലേ സ്റ്റോർ ലഭ്യമാകുന്നുള്ളൂ, എങ്കിലും പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന അപ്പുകളുടെ പെർമിഷനുകളിലും ഒരു ശ്രദ്ധയുണ്ടാവുന്നത് നല്ലതാണ്. എന്നാൽ ഇത്തരത്തിൽ GHD സ്പോർട്സും മറ്റും ഉപയോഗിച്ചുകൊണ്ടിരുന്ന യുവാവിന് തന്റെ അറിവോടെ അല്ലാതെ ഫോണിൽ നിന്നും നിരന്തരം വിദേശ നമ്പറുകളിലേക്ക് എസ്.എം.സ് പോയ അനുഭവം “എനിക്കും പണികിട്ടി” എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചതോടെ സമാന അനുഭവങ്ങൾ നേരിട്ട ചിലർ കമെന്റുമായി എത്തി. ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ തേർഡ് പാർട്ടി അപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
– എസ്.കെ
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :
എനിക്കും പണികിട്ടി !!! മെസ്സേജുകൾ പോയത് പാകിസ്താനിലേക്കും തായ്‌വാനിലേക്കും
എഴുത്ത് – അജ്മൽ അലി പാലേരി.
ഇന്നലെ രാവിലെ മുതൽ എന്റെ ഫോണിന് എന്തോ ഒരു പ്രശ്നം ഉള്ളതായി തോന്നിയിരുന്നെങ്കിലും പെരുന്നാൾദിനത്തിലെ തിരക്കുകൾ കാരണം കൂടുതൽ ശ്രെദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഫോണ് സ്ലോ ആയതിനോടൊപ്പം ഫോട്ടോ എടുക്കാൻ ക്യാമറ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുമ്പോഴും, ചില സമയങ്ങളിൽ വാട്ട്സാപ്പ് മെസ്സേജുകൾ വായിക്കുമ്പോഴുമെല്ലാം ഓട്ടോമാറ്റിക്കായി ക്രോം ആപ്ലിക്കേഷൻ ഓപ്പൺ ആയി പല പല വെബ്സൈറ്റുകളും ഓപ്പൺ ആകുന്നു.
ആദ്യം കാര്യമാക്കാതിരുന്ന ഞാൻ അതെല്ലാം ക്ലോസ് ചെയ്തു പെരുന്നാൾ ദിവസത്തെ പരിപാടികളിൽ മുഴുകി, രാത്രിയിൽ മെസ്സേജ്(SMS) അയക്കാൻ വേണ്ടി മെസ്സേജ് ആപ്പ്ളിക്കേഷൻ ഓപ്പൺ ചെയ്ത സമയത്താണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാകുന്നത്. രാവിലെ മുതൽ ഞാൻ പോലുമറിയാതെ എന്റെ നമ്പറിൽ നിന്നും പാകിസ്താനിലെയും തായ്‌വാനിലെയും വ്യത്യസ്ത നമ്പറുകളിലേക്ക് മുന്നൂറിലധികം SMS കൾ പോയികൊണ്ടിരിക്കുന്നു, എല്ലാം കോഡ് ഭാഷയിൽ.
സംഭവം ഞാൻ ശരിക്കും പേടിച്ചു. അപ്പോൾ തന്നെ ഇന്റർനെറ്റിൽ ഇതിനെ കുറിച്ചു അറിയാവുന്ന എല്ലാ വിവരങ്ങളും പരതിനോക്കി, വോഡാഫോണ്(Vi) കസ്റ്റമർ സർവീസിൽ വിളിച്ചു. അതോടെ വീണ്ടും ഞെട്ടി! ഇന്റർനാഷണൽ SMS ചാർജ് ആയി ആയിരത്തിലധികം രൂപ എന്റെ പോസ്റ്റ്പെയ്ഡ് അക്കൗണ്ടിൽ അണ്ബിൽ എമൗണ്ട് ആഡ് ആയിരിക്കുന്നു.
പിന്നീടങ്ങോട്ട് മൊബൈലിൽ അവസാനം ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഡിലീറ്റ് ചെയ്യുന്നു, സെറ്റിങ്സിൽ പോയി പെർമിഷൻ കൊടുത്ത അപ്പുകളുടെ ലിസ്റ്റിൽ പരിശോധിച്ചു എല്ലാ അപ്പുകളുടെയും പെർമിഷൻ ഒഴിവാക്കുന്നു. എന്നിട്ടും മെസ്സേജ് പോകുന്നത് അവസാനിക്കുന്നില്ലെന്നു കണ്ടപ്പോൾ സിം ഊരിമാറ്റേണ്ടി വന്നു. എന്നിട്ടും മെസ്സേജ് പോകുന്നുണ്ടെങ്കിലും ഫെയിൽഡ് ആകുന്നത് കാരണം കുറച്ചെങ്കിലും സമാധാനത്തോടെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു.
രാവിലെ സുഹൃത്തിനോട് വിവരങ്ങൾ പറഞ്ഞു ഫോണ് എടുത്തു ഞങ്ങൾ രണ്ടുപേരും പരിശോധിക്കുമ്പോൾ മെസ്സേജുകൾക്ക് പെർമിഷൻ കൊടുത്ത ലിസ്റ്റിൽ 3 ആപ്പുകൾ ഉണ്ടെങ്കിലും ഡീറ്റൈൽസ് പോയിനോക്കുമ്പോൾ രണ്ടു ആപ്പുകൾ മാത്രം! പിന്നെയും പരിശോധിച്ചപ്പോഴാണ് ലിസ്റ്റിൽ മറഞ്ഞു കിടക്കുന്ന പേരില്ലാത്ത ഒരു ആപ്ലിക്കേഷൻ ശ്രദ്ധയിൽ പെട്ടത്. പിന്നെ ഒന്നും നോക്കിയില്ല. നേരെ Force stop ചെയ്ത് Uninstall ചെയ്തു മൊബൈൽ റീസ്റ്റാർട്ട് ആക്കിയതോടെ മെസ്സേജ് പോകുന്നത് നിന്നതോടെ കുറച്ചൊന്നുമല്ല സമാധാനമായത്.
ശേഷം വോഡാഫോണ്(Vi) കസ്റ്റമർ കെയറിൽ വിളിച്ച ശേഷം നൽകിയിരിക്കുന്ന ഇമെയിൽ ആഡ്ഡ്രസിൽ പരാതിയും ക്യാഷ് റീഫണ്ട് ചെയ്യാനുള്ള അപേക്ഷയും ഇമെയിൽ അയച്ചു! ഇനി പോലീസിൽ പരാതി നൽകണം. അല്ലെങ്കിൽ ചിലപ്പോൾ നാളെ ഞാൻ ഞാൻപോലുമാറിയതെ രാജ്യചാരനായി മാറിയേക്കാം.
ഇനി എന്റെ ഫോണിൽ സ്പൈവയർ വരാൻ കാരണക്കാരായവർ (എന്റെ തോന്നൽ): ഫുട്ബോൾ മത്സരങ്ങളും മറ്റും മൊബൈലിൽ സ്ഥിരമായി കാണാൻ ഉപയോഗിചിരിന്ന GHD Sports (ഇതൊരു Unauthorized Application ആണ്). ഔദ്യോഗിക ആപ് സ്റ്റോറുകളിൽനിന്നു മാത്രം ആപ് ഡൗൺലോഡ് ചെയ്യുക. സംശയകരമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും തുറക്കാതിരിക്കുക) എന്ന ആപ്ലിക്കേഷൻ വർക്ക് ചെയ്യാത്ത കാരണം ഞാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന ലിങ്കുകൾ ഓപ്പൺ ചെയ്ത ശേഷമാണ് കളി കണ്ടിരുന്നത്. അതിനു ശേഷമാണ് എന്റെ ഫോണിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടത്.
ഇനി പറയുന്ന കാര്യങ്ങൾ സൂക്ഷിക്കുക: മൊബൈൽ ഇന്റർനെറ്റ് ഡേറ്റ അധികം ആപ് ഒന്നും ഉപയോഗിക്കാതെ വേഗം തീരുക, നിങ്ങളറിയാതെ ഫോണിൽനിന്ന് കോളും എസ്എംഎസും പോകുക, ഫോണിൽ വിചിത്രമായ പോപ്‍ അപ്പ് പേജുകൾ തുറന്നുവരിക ഈ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ:
നിങ്ങളുടെ മൊബൈലിൽ Settings – Apps & Notifications – App Permissions ൽ പോയി നിങ്ങൾ പെർമിഷൻ നൽകിയിരിക്കുന്ന ആപ്പുകൾ പരിശോധിക്കുക. അനാവശ്യമായതോ നിങ്ങൾ നൽകാത്തതോ ആയ ആപ്പുകൾ കണ്ടാൽ റിമൂവ് ചെയ്യുക. മൊബൈൽ സേവനധാതാക്കളുമായി ബന്ധപ്പെട്ടു വേണ്ട മർഗ്ഗനിർശേഷങ്ങൾ സ്വീകരിക്കുക. നിങ്ങളുടെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.
Leave a reply