ഐഎസ്എൽ എട്ടാം സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിനായി ബംഗാളിന്റെ സ്വന്തം ഐതിഹാസിക ക്ലബ്ബായ ഈസ്റ്റ് ബംഗാളും ഉരുക്കുമനുഷ്യർ എന്ന് വിളിക്കപ്പെടുന്ന ജംഷെദ്പുർ എഫ്.സിയും ഇന്നിറങ്ങും. രാത്രി 7:30യ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം നടക്കുക.
ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ താരതമ്യേന നവാഗതരാണെങ്കിലും ഏറെ ചരിത്രമുള്ള ക്ലബ്ബാണ്. കൊൽക്കത്തയിൽ നിന്നുയർന്നുവന്ന ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരേടാണ് ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ വർഷം ഐഎസ്എല്ലിൽ അരങ്ങേറിയ അവർക്ക് പക്ഷെ തങ്ങളുടെ ആദ്യ സീസൺ അത്ര സുഖകരമായിരുന്നില്ല. ലിവർപൂളിന്റെ ഇതിഹാസതാരം റോബീ ഫൗളറിനു കീഴിൽ ലീഗ് പട്ടികയിൽ 17 പോയിന്റോടെ ഒൻപതാം സ്ഥാനത്ത് സീസൺ അവസാനിപ്പിക്കുകയായിരുന്നു അവർ. ജംഷെദ്പൂരാകട്ടെ മികച്ച രീതിയിൽ സീസൺ തുടങ്ങിയെങ്കിലും ഇടയ്ക്കുവെച്ചു പതറിപ്പോയി. സെമിഫൈനൽ പ്രവേശനം നേടാനാവാതെ ആറാം സ്ഥാനത്ത് കളിയാവസാനിപ്പിക്കേണ്ടതായി വന്നു ഹെഡ് കോച്ച് ഓവൻ കോയലിന്. 20 മത്സരങ്ങളിൽ ഏഴെണ്ണം വിജയിച്ച അവർക്ക് 27 പോയിന്റുകൾ നേടാനായി.
ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിനു തൊട്ടുമുൻപാണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ സൈനിങ്ങുകളെല്ലാം പൂർത്തിയാക്കിയത്. കോച്ച് റോബീ ഫൗളറെ പുറത്താക്കിയ അന്നുതന്നെ മുൻ റയൽ മാഡ്രിഡ് അക്കാദമി പരിശീലകൻ കൂടെയായ മനോളോ ഡയസിനെ ഹെഡ് കോച്ചായി നിയമിച്ചു. ഒരുപിടി യുവ ഇന്ത്യൻ താരങ്ങളെയും പരിചയസമ്പന്നരായ ഇന്ത്യൻ കളിക്കാരെയും സൈൻ ചെയ്ത അവരുടെ വിദേശ പ്ലയേഴ്‌സും മികച്ചതാണ്. കഴിഞ്ഞ സീസണിലെ കോച്ചിനെയും മൂന്ന് വിദേശതാരങ്ങളെയും നിലനിർത്തിയ ജംഷെദ്പുരാകട്ടെ മികച്ച ഇന്ത്യൻ സ്‌ക്വാഡുമായിട്ടാണ് വരുന്നത്. അതോടൊപ്പം നല്ലൊരു വിദേശതാരനിരയും അവർക്കുണ്ട്.
പ്രീസീസണിൽ മികച്ച പ്രകടനമാണ് ജംഷെദ്പുർ എഫ്.സി പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനെയും, നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെയും തോൽപിച്ച അവർ ബംഗളുരു എഫ്.സിക്കെതിരെയും കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള രണ്ടാം മത്സരത്തിലും സമനില നേടി. ജോർദാൻ മറെയാണ് പ്രീസീസണിൽ കൂടുതൽ ഗോളുകൾ നേടിയത്. ഈസ്റ്റ് ബംഗാളാകട്ടെ വാസ്കോ എസ്.സി, ഗോകുലം കേരള എഫ്.സി, സാൽഗോക്കർ എഫ്.സി, മുംബൈ സിറ്റി എന്നിവർക്കെതിരെ കളിക്കുകയും 3 ജയവും ഒരു സമനിലയും നേടുകയും ചെയ്തു.
മികച്ച വിദേശതരങ്ങളും നല്ല ഇന്ത്യൻ നിരയുമാണ് രണ്ട് ടീമിനെയും തുല്യരാക്കുന്നത്. ഈ തുല്യത കളിക്കളത്തിലും കാണിക്കാനായാൽ മികച്ച മത്സരം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
Leave a reply